nayanthara-beyond-the-fairy-tale

വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍ററി ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ സ്ട്രീമിങ്ങിനെത്തി. നയന്‍താരയുടെ നാല്‍പതാം പിറന്നാള്‍ ദിനം  അര്‍ധ രാത്രി  നെറ്റ്ഫ്ലിക്സില്‍  ഡോക്യൂമെന്‍ററി റിലീസ് ചെയ്തു. 1.22 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യൂമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത് അമിത് കൃഷ്ണനാണ്.ഗൗതം വാസുദേവ് മേനോന്‍റെ പേരാണ് നേരത്തെ സംവിധായകസ്ഥാനത്ത് കേട്ടിരുന്നത്.

തിരുവല്ല സ്വദേശിയായ ഡയാന കുര്യന്‍ എങ്ങനെയാണ് തെന്നിന്ത്യ ഇളക്കിമറിക്കാന്‍ പ്രാപ്തിയുള്ള ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയത് എന്ന് ഡോക്യൂമെന്‍ററി പറഞ്ഞുവെക്കുന്നു. അപ്രതീക്ഷിതമായ  സിനിമാപ്രവേശനത്തില്‍ തുടങ്ങി  കരിയറിയലെ തളര്‍ച്ചയും വളര്‍ച്ചയും പ്രണയവും വിവാഹവുമടക്കം വിശദീകരിക്കുന്നതാണ് ഡോക്യുമെന്‍ററി. മകളുടെ വിശേഷങ്ങള്‍ പങ്കുവച്ചാണ്  ചിത്രം അവസാനിക്കുന്നത്.

നയന്‍താരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പം നയന്‍താരയുടെ അമ്മ ഓമന,  സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഫാസില്‍, വിഷ്ണുവര്‍ധന്‍, അറ്റ്ലീ, നാഗാര്‍ജുന, റാണ്ദഗ്ഗുബതി, വിജയ് സേതുപതി, തമന്ന, പാര്‍വതി തിരുവോത്ത്,രാധിക ശരത്കുമാര്‍,ക്രിഷ് ജഗർലമുടി, നെല്‍സണ്‍ ദിലീപ് കുമാര്‍ തുടങ്ങിയവരിലൂടെയാണ് നയന്‍താരയുടെ ജീവിതകഥ വളരുന്നത്.

ഡോക്യുമെന്‍ററിയുടെ ആദ്യ പകുതിയില്‍ സിനിമയിലേക്കുള്ള വരവും  കരിയറിലെ വളര്‍ച്ചയും പറയുമ്പോള്‍ രണ്ടാം പകുതി വിഘ്നേഷ് ശിവനുമായുള്ള പ്രണയവും വിവാഹമുമാണ്. ഒന്നാം പകുതിയില്‍ ഡയാന കുര്യനെ ‘മനസിനക്കരെ’ എന്ന തന്‍റെ ചിത്രത്തിലേക്കെത്തിച്ചതിനെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നത് ഇങ്ങനെ; 

‘ചില കാര്യങ്ങള്‍ മനുഷ്യൻ തീരുമാനിക്കും, മറ്റ് ചിലത് ദൈവമോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ ആകും തീരുമാനിക്കുക. അങ്ങനെയൊരു വിധിയോ ദൈവമോ തീരുമാനിച്ചതാണ് സിനിമയിലേക്കുള്ള നയൻതാരയുടെ വരവെന്നാണ് എനിക്കു തോന്നുന്നത്. പത്ത് ഇരുപത് വർഷത്തിനു ശേഷം നമ്മൾ പുറകോട്ടു നോക്കുമ്പോൾ നയൻതാരയുടേത് അതിശയകരമായ കടന്നുവരവായിരുന്നു’ . നടി ഷീലയുടെ തിരിച്ചു വരവായിരുന്നു മനസിനക്കരെ. അതുകൊണ്ടു തന്നെ നായിക പുതുമുഖം മതിയെന്ന് തീരുമാനിച്ചിരുന്നു. പെട്ടെന്നൊരു ദിവസം വനിത മാസികയിലെ പരസ്യത്തിൽ ശലഭസുന്ദരിയെപ്പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെൺകുട്ടിയെ കണ്ടു. അതിനു മുമ്പൊന്നും അവരെ കണ്ടിട്ടുമില്ല. ഞാൻ വനിതയുടെ  എഡിറ്ററെ വിളിച്ചു. .തിരുവല്ലയിലുള്ള കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു, വിവരങ്ങളും തന്നു. അങ്ങനെ ഞാൻ ആദ്യമായി നയൻതാരയെ വിളിക്കുന്നു. ഡയാന എന്നായിരുന്നു കുട്ടിയുടെ പേര്. ശരിക്കും അന്ന് ഡയാന ഷോക്ക് ആയിപ്പോയി കാണും. ‘ഞാൻ സത്യൻ അന്തിക്കാട് ആണ്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?’ എന്നു ചോദിച്ചു. ‘ഞാൻ സാറിനെ അങ്ങോട്ട് വിളിക്കട്ടെ’ എന്നു പറഞ്ഞ് ഡയാന ആ ഫോൺ കട്ട് ചെയ്തു.  പുലർച്ചെ മൂന്ന് മണിക്കൊരു കോള്‍ വരുന്നു, ഞാൻ നല്ല ഉറക്കത്തിലായിരുന്നു. സിനിമയുടെ കാര്യങ്ങൾ പറഞ്ഞ ശേഷം നാളെ നേരിട്ട് വരാനും ഡയാനയോടു പറഞ്ഞു.   ‘സോറി സർ. എന്‍റെ കുറച്ച് കസിൻസിന് ഞാൻ അഭിനയിക്കുന്നതിൽ താൽപര്യമില്ല എന്ന്  എല്ലാം കേട്ടശേഷം ഡയാനയുടെ മറുപടി പറഞ്ഞു. ‘‘രണ്ട് തെറ്റാണ് ഡയാന ഇപ്പോൾ ചെയ്തത്, ഒന്ന് എന്നെ മൂന്ന് മണിക്ക് വിളിച്ചുണർത്തി, രണ്ടാമത്തേത് സിനിമയിൽ അഭിനയിക്കില്ലെന്നു പറഞ്ഞു’’. അഭിനയിക്കുന്നത് ഇഷ്ടമാണോ എന്ന്  ഞാന്‍  ഡയാനോട് ചോദിച്ചു, ‘ഇഷ്ടമാണെന്നു’ പറഞ്ഞു. അങ്ങനെയെങ്കിൽ വന്നു നോക്കൂ, രണ്ട് ദിവസം ഷൂട്ടിങ് ഒക്കെ എങ്ങനെയെന്ന് കാണാമെന്നും ഞാൻ പറഞ്ഞു.  പറഞ്ഞതനുസരിച്ച് ഡയാന സിനിമാ സെറ്റിലെത്തി. കുറച്ച് ദിവസങ്ങള്‍ ഞാൻ ഡയാനയെ അഭിനയിപ്പിച്ചില്ല, ഷൂട്ട് ചെയ്യുമ്പോൾ കൂടെ കൂട്ടും. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുന്നത് എന്‍റെ ഒപ്പം നിന്നു കാണും. അങ്ങനെ ടീമിനെ ഒക്കെ പരിചയമായി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നോട് ഇങ്ങോട്ട് ചോദിച്ചു, ‘ഞാൻ എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന്’. അങ്ങനെയാണ് ആദ്യമായി ഡയാന അഭിനയിക്കുന്നത്.’’ സത്യന്‍ അന്തിക്കാട് പറയുന്നു.

രണ്ട് തെറ്റാണ് ഡയാന ഇപ്പോൾ ചെയ്തത്, ഒന്ന് എന്നെ മൂന്ന് മണിക്ക് വിളിച്ചുണർത്തി, രണ്ടാമത്തേത് സിനിമയിൽ അഭിനയിക്കില്ലെന്നു പറഞ്ഞു

ഡോക്യൂമെന്‍ററിയുടെ രണ്ടാം പകുതിയിലുടനീളം വിഘ്നേഷ് ശിവനുമായുള്ള പ്രണയമാണ് പറയുന്നത്. ഇരുവരുടെയും പ്രണയകഥ മുഴുവനായും   പ്രതിപാദിക്കുന്നുണ്ട്.2015 ല്‍ വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത  ‘നാനും റൗ‍ഡി താന്‍’ എന്ന  ചിത്രത്തിലൂടെയാണ് നയന്‍സ്–വിഘ്നേഷ് പ്രണയം മൊട്ടിടുന്നത്.’

‘തന്‍റെ ഹൃദയവും ആത്മാവും തേടിക്കൊണ്ടിരുന്നത് അവനെപ്പോലെ ഒരാളായിരുന്നു. അവനെപ്പോലെ മറ്റൊരാള്‍ക്കും ആവാന്‍ കഴിയില്ല’.നയന്‍താര പറയുന്നു.

‘നാനും റൗ‍ഡി താന്‍’ എന്ന ചിത്രത്തിനിടയില്‍ നയന്‍താര തനിക്ക് ആത്മ വിശ്വാസം നല്‍കിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് വിഘ്നേഷ് ശിവന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.

ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കുമ്പോള്‍, നയന്‍താര ചെയ്തതില്‍നിന്ന് വ്യത്യസ്തമായ ആശയമായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ അത് അവരോട് പറയാന്‍ മടിച്ചു. പക്ഷെ, കട്ട് പറഞ്ഞുകഴിഞ്ഞ് തന്‍റെ മുഖഭാവത്തില്‍നിന്ന് കാര്യം മനസിലാക്കിയ നയന്‍താര ഒരു ടേക്ക് കൂടെ എടുക്കാമെന്ന് പറഞ്ഞു. ‘നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത് അതുപോലെ എടുക്കാം. വേണ്ട, കുഴപ്പമില്ലെന്ന് താന്‍ മറുപടി പറഞ്ഞപ്പോള്‍ നിങ്ങളാണ് ചിത്രത്തിന്‍റെ സംവിധായകന്‍, നിങ്ങള്‍ പറയുന്നത് അഭിനയിക്കുക എന്നതാണ് എന്‍റെ  ജോലി എന്നായിരുന്നു നയന്‍താരയുടെ മറുപടി. സെറ്റിലില്ലാവരും കേള്‍ക്കെ ശബ്ദമുയര്‍ത്തിയാണ് നയന്‍താര ഇത് പറഞ്ഞത്.ഈ സംഭവം ചിത്രത്തിന്‍റെ നിയന്ത്രണം തന്‍റെ കൈയില്‍ തന്നെയാണ് തോന്നിക്കാന്‍ ഇടയാക്കിയെന്നും തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും വിഘ്നേഷ് ശിവന്‍ പറയുന്നു. 

അതിനുശേഷം വളരെക്കാലം എന്നെ കാണാന്‍ പോലും വിക്കി മടിച്ചെന്ന് നയന്‍താര  പറയുന്നുണ്ട്. പലതവണ  കൊച്ചിയിലേക്കും മറ്റും വിളിച്ചു. പക്ഷേ  ഒരുമാസത്തോളം അവന്‍ വന്നില്ല. എന്തിനാണ് എന്നെ ഒഴിവാക്കുന്നതെന്ന്  ഞാന്‍ ചോദിച്ചു. ഒടുവില്‍ അവന്‍ വരാന്‍ സമ്മതിച്ചു. കൊച്ചിയിലേക്ക് വന്നു. കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു, ഞങ്ങള്‍ പ്രണയത്തിലാണെന്ന്', നയന്‍താര പറഞ്ഞു.'

‘ഞങ്ങള്‍ക്കിടയില്‍ എന്തോ സംഭവിക്കുന്നുണ്ടായിരുന്നു. പക്ഷേ, ചിത്രത്തിലായിരുന്നു എന്‍റെ ശ്രദ്ധമുഴുവന്‍. ചിത്രം കൃത്യമായി പൂര്‍ത്തിയാക്കേണ്ടിയിരുന്നു, മറ്റ് കാര്യങ്ങളിലേക്ക് വഴുതിപ്പോകാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അത് ചിത്രത്തെ ബാധിക്കും. ആ ഭയം എനിക്കുണ്ടായിരുന്നു', വിഘ്‌നേഷ് പറഞ്ഞു’.ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ വരെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നുവെന്നും  വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു

‘തന്‍റെ ഹൃദയവും ആത്മാവും തേടിക്കൊണ്ടിരുന്നത് അവനെപ്പോലെ ഒരാളായിരുന്നു. അവനെപ്പോലെ മറ്റൊരാള്‍ക്കും ആവാന്‍ കഴിയില്ല’

ഞാന്‍ അവനെ പ്രസവിച്ചില്ലെന്ന് മാത്രമേയുള്ളൂ, എനിക്ക് അവന്‍ അത്രയ്ക്ക് ജീവനാണ് എന്നാണ് വിഘ്നേഷ് ശിവനെക്കുറിച്ച് നയന്‍താരയുടെ അമ്മയുടെ വാക്കുകള്‍.

'അമ്മയെപ്പോലെ എന്നെ നോക്കുന്ന മറ്റൊരാളുമില്ലെന്ന്  പറയാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ എനിക്ക് ആത്മവിശ്വാസത്തോടെ പറയാം, ലോകത്ത് മറ്റൊരാളെക്കാളും എന്നെ അവന്‍ നോക്കും. അമ്മ പോലും അത് പറയും. ചിലപ്പോ എനിക്ക് കുറ്റബോധം തോന്നും, ഞാന്‍ ചെന്നില്ലായിരുന്നെങ്കില്‍   അവന്‍റെ ജീവിതം കുറച്ചുകൂടെ എളുപ്പവും ചിലപ്പോള്‍ സന്തോഷകരവും മികച്ചതുമാവുമായിരുന്നു എന്ന്...', നയന്‍താര പറഞ്ഞു.

നയന്‍താര വന്നതിന് ശേഷമാണ് എന്‍റെ 'ജീവിതം' ആരംഭിച്ചതുതന്നെ എന്നാണ്  വിഘ്നേഷ് പറയുന്നത്. ഇരുട്ട് മൂടിക്കിടന്ന ജീവിത്തില്‍ പെട്ടെന്നൊരു  സൂര്യോദയം പോലെ  ജീവിതത്തിലേക്ക് വന്ന്  നയന്‍താര എല്ലാം പ്രകാശമാനവും മനോഹരവുമാക്കിയെന്നും  വിഘ്നേഷ്  പറയുന്നു.

ഷാരൂഖ് ഖാന്‍ രജീകാന്ത് തുടങ്ങിയ താരനിര ഒന്നടങ്കം പങ്കെടുത്ത ഇരുവരുടെയും വിവാഹത്തിന്‍റെ ഇതുവരെ കാണാത്ത ഭാഗങ്ങളും ഡോക്യൂമെന്‍ററിയിലുണ്ട് ..വിവാഹദിവസം ആനന്ദക്കണ്ണീരണിഞ്ഞ്  നില്‍ക്കുന്ന നയന്‍താരയെയും വിഘ്നേഷിനെയും ഡോക്യുമെന്‍ററിയില്‍ കാണാം..

ഉലകത്തിന്‍റെയും ഉയിരിന്‍റെയും കൂടെയുള്ള നിമിഷങ്ങള്‍ പങ്കുവെച്ചാണ് ഡോക്യുമെന്‍ററി അവസാനിക്കുന്നത്. 

താന്‍ നേരിട്ട  ബോഡിഷെയ്മിങ്ങുകളെക്കുറിച്ചും കടന്നുപോയ കൈപേറിയ അനുഭവങ്ങളെക്കുറിച്ചെല്ലാം നയന്‍സ്   പറഞ്ഞുവെക്കുന്നുണ്ട്. ഡോക്യുമെന്‍ററിയെ കുിച്ച് സമ്മിശ്ര പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. 

വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍’ ചിത്രത്തിലെ ബിഹൈന്‍ഡ് ദി സീന്‍സ് ദൃശ്യങ്ങളും അടങ്ങിയതാണ് പുറത്തുവന്ന ഡോക്യുമെന്‍ററി. അതിനിടെ ഡോക്യുമെന്‍ററിയില്‍  ഉപയോഗിച്ച ബിഹൈന്‍ഡ് ദ സീന്‍ രംഗങ്ങള്‍ 24 മണിക്കൂറിനകം നീക്കണമെന്ന് ആവശ്യപ്പെട്ട് ധനുഷ് വീണ്ടും രംഗത്തെത്തി.വിവാദ ഉള്ളടക്കം മാറ്റിയില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്‍റെ അഭിഭാഷകന്‍  അറിയിച്ചു.

ENGLISH SUMMARY:

'Beyond The Fairytale', Nayanthara's documentary has unveiled