പാതിവഴിയില്‍ ബാഹുബലി സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്. രണ്ട് വർഷത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് പരമ്പര വേണ്ടെന്നു വയ്ക്കാൻ നെറ്റ്ഫ്ലിക്സ് ടീം തീരുമാനിച്ചത്. ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് ഉപേക്ഷിക്കാന്‍ കാരണം. സീരീസിന്റെ നിര്‍മാണത്തിനായി 80 കോടിയോളം രൂപ ചെലവാക്കിയതായും നടൻ ബിജയ് ആനന്ദ് വെളിപ്പെടുത്തി.
പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് സീരീസ് ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ജീവിതത്തിലെ രണ്ടുവര്‍ഷം പാഴായി പോയെന്നും ഈ പ്രോജക്ടിന്റെ പേരില്‍ പ്രഭാസിനൊപ്പമുള്ള ‘സാഹോ’ എന്ന സിനിമയും തനിക്ക് നഷ്ടമായെന്ന് ബാഹുബലി സീരിസിലെ പ്രധാന കഥാപാത്രമായിരുന്ന ബിജയ് ആനന്ദ് ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.
ബിജയ് ആനന്ദിന്റെ വാക്കുകളിങ്ങനെ, ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോ ആണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. അതിനാല്‍ ഓഫർ വേണ്ടെന്നുവച്ചു. കൂടുതൽ സിനിമകള്‍ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ കരണ്‍ കുന്ദ്ര നിര്‍ബന്ധിച്ചപ്പോള്‍ തീരുമാനം മാറ്റേണ്ടി വന്നു. സീരീസ് തിരഞ്ഞെടുത്തു, രണ്ട് വര്‍ഷത്തോളം ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രിവ്യൂ ഷോ കണ്ടപ്പോള്‍ നെറ്റ്ഫ്ലിക്സ് അതുപേക്ഷിക്കാന്‍ തീരുമാനിച്ചു.നെറ്റ്ഫ്ലിക്സ് മനസ്സിൽ കണ്ടതുപോലെയല്ല ഷോയുടെ ഫൈനൽ ഔട്ട് വന്നത്. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം.
ബാഹുബലിയുടെ വന്‍വിജയത്തിനു ശേഷം, നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഒരു പ്രീക്വല്‍ നിര്‍മിക്കുമെന്ന് സംവിധായകന് രാജമൗലി 2018ൽ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണ് ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ പ്രഖ്യാപിച്ചത്. രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരീസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. പിന്നീട് അവരെ മാറ്റി വമീഖ ഗബ്ബിയെ പ്രധാനകഥാപാത്രമാക്കി. ദേവ കട്ടയായിരുന്നു സീരീസിന്റെ സംവിധായകന്.
എട്ടു മണിക്കൂറുള്ള ഒറ്റ സിനിമപോലെ ഓരോ മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളായി റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ എഡിറ്റിങ് ഘട്ടത്തിൽ, പ്രതീക്ഷിച്ച നിലവാരമില്ലെന്നു വിലയിരുത്തി ദേവ കട്ടയുടെ പരമ്പര ഉപേക്ഷിച്ച് പുതിയ ടീമിനെ പരീക്ഷിക്കാൻ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചു. പരമ്പരയുടെ സംവിധാന ചുമതല കുനാലിന് കൈമാറി. 2021 ജൂലൈയിൽ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും പദ്ധതി വീണ്ടും സ്തംഭിച്ചു. ആഗ്രഹിച്ച നിലവാരം കൈവരുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് നെറ്റ്ഫ്ലിക്സ് പരമ്പര തന്നെ ഉപേക്ഷിച്ചത്.