വലിയ താരങ്ങളുടെ പേരുകൊണ്ടുമാത്രം സിനിമകള്‍ വിജയിക്കുന്ന കാലം കഴിഞ്ഞെന്ന് നടന്‍ മാധവന്‍. അഭിനയിക്കാനറിയുന്ന നടീനടന്മാരില്ലെങ്കില്‍ ഒറ്റയാളും സിനിമ കാണാനെത്തില്ല. സൂപ്പര്‍ സ്റ്റാറുകളെയും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കാണുമ്പോള്‍ ഭ്രമിച്ചിരുന്ന് സിനിമ കണ്ടിരുന്ന പ്രേക്ഷകര്‍ കളംവിട്ടു. കോടികള്‍ മുടക്കിയുള്ള പ്രചാരണവും ഏശുന്നില്ല. കഥാപാത്രത്തിന്‍റെ ഉള്ളറിയാന്‍ കഴിയുന്ന, ആ വികാരങ്ങള്‍ അതേപടി പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ കഴിയുന്ന അഭിനേതാക്കള്‍ ഉണ്ടെങ്കില്‍ മാത്രം സിനിമകള്‍ സ്വീകരിക്കപ്പെടുന്ന സ്ഥിതിയായെന്ന് മാധവന്‍ തുറന്നുപറഞ്ഞു.
ഒടിടിയില്‍ റിലീസ് ചെയ്യുന്ന പുതിയ ചിത്രം ‘ഹിസാബ് ബരാബറി’ന്‍റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാധവന്‍. യാഥാര്‍ഥ്യവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥയും കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അത് പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത വന്‍ബജറ്റ് സിനിമകള്‍ ബോക്സോഫീസില്‍ മൂക്കുകുത്തുന്നതില്‍ അല്‍ഭുതമില്ല. ദക്ഷിണേന്ത്യന്‍ സിനിമകള്‍ രാജ്യമങ്ങും പണംവാരുന്നതില്‍ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചെറിയ സിനിമകള്‍ വലിയ വിജയം നേടുന്നത് കാണണം. അത്തരം സിനിമകളുടെ അടിത്തറ സാധാരണ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട പരിസരങ്ങളും പശ്ചാത്തലങ്ങളും അവരായി മാറുന്ന അഭിനേതാക്കളുമാണ്. പ്രേക്ഷകര്‍ക്ക് അത്തരം കഥകളുമായും കഥാപാത്രങ്ങളുമായും താദാത്മ്യപ്പെടാന്‍ അനായാസം കഴിയും’. ‘ഹിസാബ് ബരാബറി’ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചതും ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണെന്ന് മാധവന്‍ വെളിപ്പെടുത്തി.
റെയില്‍വേ ടിക്കറ്റ് ഇന്‍സ്പെക്ടര്‍ രാധേമോഹന്‍ ശര്‍മ എന്ന കഥാപാത്രത്തെയാണ് മാധവന്‍ ‘ഹിസാബ് ബരാബറി’ല്‍ അവതരിപ്പിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ കണ്ട ചെറിയൊരു വ്യത്യാസത്തിന്‍റെ കാരണം തേടിപ്പോകുന്ന രാധേമോഹന്‍ തിരിച്ചറിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. ‘ഏതൊരു സാധാരണക്കാരനും അനുഭവിക്കുന്ന ആശങ്കയുടെ നേര്‍ചിത്രമാണ് സിനിമയെന്ന് കഥ കേട്ടപ്പോള്‍ത്തന്നെ തിരിച്ചറിഞ്ഞു.’ അപ്പോള്‍ത്തന്നെ അഭിനയിക്കാന്‍ സമ്മതം മൂളിയെന്നും മാധവന്‍ പറഞ്ഞു.