പാരിസില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്‍റെ വിമാനത്തിന് ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ മുംബൈ ഛത്രപതി ശിവാജി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്തെ യാത്രാ വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിനും ഇന്‍ഡിഗോയുടെ ഡല്‍ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണി ഉയര്‍ന്നത്.
പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട UK 024 എന്ന വിമാനത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഭീഷണിയുണ്ടായത്. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളില്‍ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്. ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടയുടന്‍ വിസ്താര എയര്‍ലൈന്‍സ് സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തുടര്‍ന്ന് വിവരം അധികൃതരെയും സുരക്ഷാ ഏജന്‍സികളെയും അറിയിച്ചതായി വിസ്താര വ്യക്തമാക്കി. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നും ഭീഷണി സന്ദേശം വ്യാജമാണെന്നും വിമാത്താവള അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ചയിലും സമാനമായ സംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ രാജ്യത്ത് യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാകുകയാണ്.