vandalise-mahtama-gandhis-s

ഇറ്റലിയിലെ റോമില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാച്ഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് തകര്‍ത്തത്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് നിജ്ജര്‍ക്കായി ചുവരുമെഴുതി. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇറ്റലിയില്‍ എത്തുന്നത്. സംഭവത്തെക്കുറിച്ച് സംസാരിച്ച വിദേശകാര്യ സെക്രട്ടറി ക്വാത്ര, അധികൃതർ ഇക്കാര്യം ഇറ്റാലിയൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി പറഞ്ഞു.

 

കഴിഞ്ഞ വർഷം കാനഡയിൽ മഹാത്മാഗാന്ധിയുടെ മൂന്ന് പ്രതിമകള്‍ വികൃതമാക്കിയിരുന്നു. കനേഡിയൻ പ്രവിശ്യയായ ഒന്ററാറിയോയിലെ സിറ്റി ഹാളിനോട് ചേർന്നുള്ള മഹാത്മാഗാന്ധി പ്രതിമയാണ് ഖാലിസ്ഥാനികൾ ആദ്യം നശിപ്പിച്ചത്, തുടർന്ന് സൈമൺ ഫ്രേസർ സർവകലാശാലയിലെ ബർണബി കാംപസിലെ പീസ് സ്ക്വയറിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രതിമയും നശിപ്പിച്ചു. അതേവർഷം ജൂലൈയിൽ റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ മഹാത്മാഗാന്ധി പ്രതിമയും തകർത്തിരുന്നു. 2022 ഫെബ്രുവരിയിൽ, ന്യൂയോർക്ക് സിറ്റിയിലെ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയെ അക്രമികൾ ലക്ഷ്യമിട്ടു. മാൻഹട്ടനിലെ യൂണിയൻ സ്ക്വയറിലെ എട്ടടി ഉയരമുള്ള പ്രതിമ അജ്ഞാതർ നശിപ്പിച്ചിരുന്നു. സമാനമായ 2021 ജനുവരിയിൽ യുഎസിലെ കാലിഫോർണിയയിലെ പാർക്കിൽ മഹാത്മാഗാന്ധിയുടെ സ്മാരകം നശിപ്പിച്ചിരുന്നു. 

തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകുന്നത്. 50-ാമത് ജി 7 ഉച്ചകോടി ഇറ്റലിയിലെ അപുലിയ മേഖലയിൽ ജൂൺ 13 മുതൽ 15 വരെ നടക്കും. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരം ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി നാളെ വേദിയിലേക്ക് പോകും.  അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

ENGLISH SUMMARY:

Mahatma Gandhi’s statue vandalised by Khalistanis in Italy