കൊറിയന്‍ സൂപ്പര്‍ ബാന്‍ഡ് ബി.ടി.എസ് താരം സുഗയെ വച്ച് ചെയ്ത പരസ്യങ്ങള്‍ പിന്‍വലിച്ച് സാംസങ്. ഇതോടെ സാംസങ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ബാന്‍ഡിന്‍റെ ആരാധകര്‍. വര്‍ഷങ്ങള്‍ നീണ്ട ബിടിഎസ്– സാംസങ് ബന്ധത്തിലാണ് ഇതോടെ വിള്ളല്‍ വീഴുന്നത്. പുതിയ ഫോണ്‍ വിപണിയിലിറക്കുമ്പോള്‍ ആരാകും അത് അവതരിപ്പിക്കുകയെന്നതില്‍ വര്‍ഷങ്ങളോളം സാംസങിന് സംശയമേതുമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണുകളുടെ റിലീസിന് സ്പെഷല്‍ ബിടിഎസ് പതിപ്പുവരെ ഇറങ്ങിയതും ചരിത്രം. ബിടിഎസ് ബാന്‍ഡിനെ മുഴുവനായും താരങ്ങളെ തനിച്ചും സാംസങ് ഫലപ്രദമായി ഉപയോഗിച്ച് വന്നു.
മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ പിടി വീണതോടെയാണ് സുഗയെ സാംസങ് കൈവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാലക്സി S24 അള്‍ട്രയുമായി നില്‍ക്കുന്ന സുഗയുടെ ചിത്രം സാംസങ് ഓഗസ്റ്റ് 15ന് പുറത്തുവിട്ടിരുന്നു. ആര്‍എമ്മും ജിമിനുമായുള്ള പോള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റും നേരത്തെ സാംസങ് പങ്കുവച്ചിരുന്നു. എന്നാല്‍ വൈകാതെ പോസ്റ്റുകള്‍ സാംസങ് നീക്കി.
പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ സുഗ വാഹനത്തില്‍ നിന്നിറങ്ങുന്നതിനിടെ നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുഗ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇതോടെ താരത്തിന‍്റെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. പിന്നാലെ സുഗ പരസ്യമായി മാപ്പു പറയുകയും ചെയ്തു. എന്നാല്‍ സുഗയെ കുടുക്കിയതാണെന്നും സര്‍ക്കാര്‍ സുഗയെ ഇരയാക്കുകയാണെന്നും ആരാധകര്‍ വാദിക്കുന്നു. സുഗയെ കൊടും കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും കൊറിയന്‍ മാധ്യമവും നടത്തുന്നതെന്നും ഭീഷണിപ്പെടുത്തിയാണ് സാംസങിന്‍റെ പരസ്യത്തില്‍ നിന്നും സുഗയെ പിന്‍വലിപ്പിച്ചതെന്നും ആരാധകര്‍ സുഗയെ തിരിച്ച് കൊണ്ടുവരുന്നത് വരെ സാംസങ് ബഹിഷ്കരിക്കുമെന്നും ആരാധകര്‍ കുറിച്ചു.