Image Credit: xleaks7

സാംസങ് ഗാലക്സി എസ്25 സീരീസ് അടുത്ത വര്‍ഷം ആദ്യത്തോടെ ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കെ മോഡലിന്‍റെ ഡിസൈന്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. എസ് 25 സീരീസിലെ മൂന്ന് മോഡലുകളായ ഗാലക്സി എസ് 25, ഗാലക്സ് എസ് 25 പ്ലസ്, ഗാലക്സി എസ് 25 അള്‍ട്രാ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്നത്. അതേസമയം, ഈ മോഡലുകളുടെ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങള്‍ ശരിയാണെങ്കില്‍ ഗാലക്സി എസ്24 അള്‍ട്രായേക്കാള്‍ വലിപ്പത്തിലും, അതേസമയം തന്നെ കനം കുറഞ്ഞുമായിരിക്കും എസ് 25 അള്‍ട്രാ എത്തുക.

ടിപ്സ്റ്റര്‍ എക്സ് ലീക്സ്7 എന്ന അക്കൗണ്ടാണ് വിഡിയോയും ചിത്രങ്ങളും ചോര്‍ത്തിയിരിക്കുന്നത്. 162.82x77.65x8.25mm ആണ് ഡമ്മി യൂണിറ്റിന്‍റെ വലിപ്പം. നിലവിലുള്ള മോഡലിന്‍റെ സൈസാകട്ടെ 162.3x79.0x8.6mm ആണ്. അതായത് കൂടുതല്‍ നീളത്തില്‍ വീതിയും കനവും കുറഞ്ഞായിരിക്കും പുതിയ മോഡലെത്തുക. വൃത്താകൃതിയിലുള്ള കോര്‍ണറുകളും മെലിഞ്ഞ ബെസലുകളുമാണ് Galaxy S25 അൾട്രായുടെ ഡമ്മി യൂണിറ്റിനുള്ളത്. ഡിസ്‌പ്ലേയിൽ മുൻ ക്യാമറയ്‌ക്കായി ഒരു ഹോൾ പഞ്ച് കട്ട്ഔട്ടും സ്‌ക്രീനിന്‍റെ മുകളിൽ ഇയർപീസ് സ്പീക്കറുമുണ്ട്. ഗാലക്‌സി എസ് 24 അൾട്രായുടെ പുറംഭാഗത്തോട് സാമ്യമുള്ളതായിരിക്കും എസ് 25ന്‍റെയും പുറംഭാഗം. കാമറക്കായി അഞ്ച് വൃത്താകൃതിയിലുള്ള കട്ട്ഔട്ടുകളും കാണാം.

മറ്റ് സ്പെസിഫിക്കേഷനുകൾ

ക്വാല്‍കമിന്‍റെ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍4 നൊപ്പമാണ് എസ്25 സീരീസ് എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 16GB വരെ റാമും 256 ജിബി മുതൽ 1 ടിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ടാകും. ഒപ്പം കമ്പനിയുടെ ഗാലക്‌സി എഐ ഫീച്ചറുകളെ പിന്തുണയ്ക്കുന്നതായിരിക്കും പുതിയ മോഡല്‍. 200 മെഗാപിക്സൽ കാമറ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ, ടെലിഫോട്ടോ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ യൂണിറ്റ് ഗാലക്സി എസ് 25 അൾട്രാ അവതരിപ്പിക്കുക. 45W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയിലായിരിക്കും എത്തുക. 

6.9-ഇഞ്ച് എൽടിപിഒ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയാണ് ഗാലക്‌സി എസ് 25 അൾട്രായിൽ പ്രതീക്ഷിക്കുന്നത്. QHD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ടായേക്കാം. മോഡലുകള്‍ 2025 ജനുവരിയിൽ ഔദ്യോഗികമായി പുറത്തിറക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്. 256 ജിബി മോഡലിന്‍റെ പ്രാരംഭ വില ഏകദേശം 1,29,999 രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ENGLISH SUMMARY:

As the Samsung Galaxy S25 series is set to be officially launched early next year, reports have emerged that the design of the model has been leaked. The three models in the S25 series—Galaxy S25, Galaxy S25 Plus, and Galaxy S25 Ultra—are expected to be released. Meanwhile, images of dummy units of these models are circulating online. If the leaked images are accurate, the Galaxy S25 Ultra will be larger in size yet thinner compared to the Galaxy S24 Ultra.