കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ടെലഗ്രാം മേധാവി പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തു. പാരിസ് വിമാനത്താവളത്തില്‍വച്ചാണ് ദുരോവ് അറസ്റ്റ് ചെയ്യപ്പെട്ടത്. ടെലഗ്രാമിന്‍റെ സഹസ്ഥാപകനും സിഇഒയുമാണ് മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ്. ലഹരികടത്ത്, സൈബര്‍ ബുള്ളിയിങ്, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ലെ ബൂർഗെറ്റ് വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവ് അറസ്റ്റിലാകുന്നത്. അസര്‍ബൈജാനില്‍ നിന്ന് തന്‍റെ സ്വകാര്യ ജെറ്റില്‍ എത്തിയതായിരുന്നു അദേഹം. ദുരോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അറസ്റ്റിനെ കുറിച്ച് ടെലഗ്രാം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പാരിസിലെ റഷ്യന്‍ എംബസിയുടെ പ്രതികരണവും അറിവായിട്ടില്ല.
ഉപയോക്താക്കളെക്കുറിച്ച് ഒരു വിവരവും പങ്കുവെക്കാത്ത ആപ് ആണ് ടെലഗ്രാം. രഹസ്യാത്മകതയാണ് പ്രധാന പോളിസി. സ്വാതന്ത്ര്യവും വ്യക്തിപരമായ രഹസ്യങ്ങളും സൂക്ഷിക്കാനാഗ്രഹിക്കുന്നവരാണ് തന്റെ ആപ്പ് ഉപയോഗിക്കുന്നതെന്ന് ദുരോവ് നേരത്തേ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
ടെലഗ്രാമിന്റെ ആസ്ഥാനം കൂടിയായ ദുബായിലാണ് റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ഇപ്പോള്‍ താമസിക്കുന്നത്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറാണ് ദുരോവിന്റെ ആസ്തി. സഹോദരന്‍ നിക്കോലായ്ക്കൊപ്പം ചേര്‍ന്ന് 2013ലാണ് ദുരോവ് ടെലഗ്രാം സ്ഥാപിച്ചത്. 900 മില്യണ്‍ ആക്‌റ്റീവ് യൂസര്‍മാര്‍ ആണ് ടെലഗ്രാം ആപ്പിന് നിലവിലുള്ളത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പായ ടെലഗ്രാം വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ശ്രദ്ധയാകര്‍ഷിച്ചത്. ടെലഗ്രാം സ്ഥാപിക്കും മുന്‍പ് വികെ എന്നൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പവേല്‍ ദുരോവ് റഷ്യയില്‍ സ്ഥാപിച്ചിരുന്നു.