vietnam-bridge-collapse

TOPICS COVERED

യാഗി ചുഴലിക്കാറ്റിനും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിവും വടക്കൻ വിയറ്റ്‌നാമിലെ ഫു തോ പ്രവിശ്യയിൽ പാലം തകർന്ന് അപകടം. വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ 375 മീറ്റർ നീളമുള്ള ഫോങ് ചൗ പാലത്തിന്റെ ഒരു ഭാ​ഗം തകർന്ന് ഹോങ് നദിയിലേക്ക് വീഴുകയായിരുന്നു. മോട്ടോർ ബൈക്കുകളും കാറുകളും ഉൾപ്പെടെ 10 വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ലോറി നദിയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ശനിയാഴ്ചയാണ് വിയറ്റ്നാമിൽ യാ​ഗി ചുഴലിക്കാറ്റ് നാശം വിതച്ച് തുടങ്ങിയത്. തുടർന്നുണ്ടായ കനത്ത കാറ്റിലും അതിശക്തമഴയിലും പല ന​ഗരങ്ങളും വെള്ളത്തിൽ മുങ്ങി. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച പാലം തകർന്നത്.  പിന്നിൽ വന്ന കാറിന്റെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 

അപകടത്തിൽ 13 പേരെ കാണാതായതായി. കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് ഉപപ്രധാനമന്ത്രി ഹോ ഡക് ഫോക് പറഞ്ഞു. പാലത്തിന്റെ മറുഭാ​ഗത്ത് നിന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദിക്ക് കുറുകെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി പാലം ​ഗതാ​ഗത യോ​ഗ്യമാക്കാനുള്ള ശ്രമവും തുടങ്ങി. യാഗി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനുശേഷമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 150ലധികം പേർ മരിച്ചു എന്നാണ് കണക്ക്. മുപ്പത് വർഷത്തിനിടെ വിയറ്റ്നാം കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റായാണ് കണക്കാക്കുന്നത്. 

ENGLISH SUMMARY:

Phong Chau bridge collapse after Yagi typhoon hit vietnam, Truck falls into river.