wayanad

TOPICS COVERED

ദേശീയദുരന്ത പ്രഖ്യാപനം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ വയനാടിന് ശേഷം ഗുജറാത്തും ആന്ധ്രയുമടക്കം സംസ്ഥാനങ്ങളിലുണ്ടായ വന്‍ പ്രളയക്കെടുതികളെയും കേന്ദ്രസര്‍ക്കാര്‍ ദേശീയദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ അടിയന്തര ധനസഹായം ദേശീയദുരന്തനിവാരണ നിധിയുടെ വിഹിതമാണ്.  ഗുജറാത്തിന് രണ്ട് വര്‍ഷമായി അധിക ധനസഹായം നല്‍കിയിട്ടുമില്ല

 

ആന്ധ്രയിലെ വിജയവാഡ അടക്കം ഏഴുജില്ലകളെ ബാധിച്ച പ്രളയം സെപ്റ്റംബറിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍  6882 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ഘടകകകക്ഷി ഭരിക്കുന്ന സംസ്ഥാനത്തിന് കേന്ദ്രം നല്‍കിയത് 1036 കോടി മാത്രം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും തള്ളി. പ്രളയം ദുരന്തം വിതച്ച ബിഹാറിന് 655 കോടിയും ഗുജറാത്തിന് 600 കോടിയുമാണ് നല്‍കിയത്. സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള വിഹിതമായും ദേശീയ ദുരന്ത നിവാരണ നിധിയില്‍നിന്ന് മുന്‍കൂര്‍ തുകയായുമാണ് പണം അനുവദിച്ചത്.  ഇതേ രീതിയില്‍ SDRF മുന്‍കൂര്‍ വിഹിതം വയനാടിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിനും നല്‍കി. ജൂലൈ 31 ന് 145 കോടിയും ഒക്ടോബര്‍ ഒന്നിന് മറ്റൊരു 145 കോടിയും കേന്ദ്രം നല്‍കി.    അധിക സഹായം ആവശ്യപ്പെട്ട തെലങ്കാനയോട് എസ്.ഡി.എആര്‍.എഫ് അക്കൗണ്ടില്‍ 1345 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നും അത് ചെലവഴിച്ചശേഷം വിശദാംശങ്ങള്‍ നല്‍കാനുമായിരുന്നു നിര്‍ദേശം.  കഴിഞ്ഞ ബജറ്റില്‍ ബിഹാറിന് കേന്ദ്രം 11,500 കോടി അനുവദിച്ചത്  പ്രളയം നേരിടാനുള്ള വിവിധ പദ്ധതികള്‍ക്കുവേണ്ടിയായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ചട്ടമില്ലെന്ന് 2013 ല്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയതും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.  ®

ENGLISH SUMMARY:

After Wayanad, the central government has not declared major floods in states including Gujarat and Andhra as national disasters.