പ്രതിദിനം 100 ഫോൺ കോളുകൾ. അതും ഫോണെടുത്താൽ മറുപടിയില്ല. ജപ്പാനിൽ 31 കാരിയായ യുവതിയെ വെറൊരു ജോലിയും ചെയ്യാനാവാത്ത വിധം ശല്യപ്പെടുത്തും വിധമാണ് ഫോൺ കോളുകൾ വരുന്നത്. യുവതി സ്വയം നടത്തിയ അന്വേഷണത്തിൽ തന്റെ പ്രിയതമൻ തന്നെയാണ് ഈ ശല്യപ്പെടുത്തലിന് പിന്നിലെന്നും കണ്ടെത്തി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിൽ അസൂയയാണ് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതിന് കാരണമായി ഭർത്താവ് പൊലീസിനോട് പറഞ്ഞത്.
ഹൈഗോയിൽ നിന്നുള്ള 31 കാരിയായ യുവതിയാണ് ഭർത്താവിന്റെ ഫോൺ കോളിൽ പൊറുതിമുട്ടിയത്. ജൂലൈ മുതൽ ഓഗസ്റ്റ് വരെ പ്രതിദിനം 100 ഫോൺ കോളുകളാണ് യുവതിയുടെ നമ്പറിലേക്ക് എത്തിയത്. ജോലി തിരക്കിനിടെ ഫോൺ കോൾ അറ്റന്റ് ചെയ്താലും മറുതലയ്ക്കൽ നിന്ന് മറുപടിയൊന്നുമില്ല. സ്ഥിരമായി ഒരു നമ്പറിൽ നിന്നാണ് ഫോൺ വരുന്നതും. ഇക്കാര്യം ഭർത്താവിനോട് പരാതിപ്പെട്ടെങ്കിലും കാര്യമായ സഹായവും ലഭിച്ചില്ല. ഇതോടെയാണ് യുവതി സ്വന്തം അന്വേഷണത്തിലേക്ക് തിരിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഭർത്താവ് ഉറങ്ങുമ്പോഴും ഗെയിം കളിക്കുമ്പോഴും ഒന്നിച്ച് സമയം പങ്കിടുമ്പോഴും ഫോൺ കോൾ വരുന്നില്ല. ഈ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതോടെ യുവതി കൂടുതൽ കൃത്യമായ പ്ലാനിങോടെയുള്ള അന്വേഷണം തുടങ്ങി. ഭർത്താവിൻറെ പങ്ക് മനസിലാക്കാൻ യുവതി ഒന്നിച്ചൊരു യാത്ര പ്ലാൻ ചെയ്തു. ദിവസം മുഴുവനും ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് ഭർത്താവ് വിട്ടുനിന്നതോടെ ഫോൺ കോളുകളൊന്നും വന്നില്ല. പരാതി പൊലീസിലേക്ക് എത്തിയതോടെ ഭർത്താവാണ് അനാവശ്യ കോളുകൾക്ക് പിന്നിലെന്ന് കണ്ടെത്തി.
മറ്റൊരു പുരുഷനുമായി ഭാര്യ സംസാരിക്കുന്നതിനുള്ള ശിക്ഷയായാണ് ഫോൺ നമ്പർ മറച്ചുവെച്ച് കോളുകൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ജപ്പാനിൽ ഇത്തരം അനാവശ്യ കോളഴുകൾ വിളിക്കുന്നത് ഒരു വർഷം തടവോ 10 ലക്ഷം യെൻ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.