വാഷിങ് മെഷീനില്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ മനുഷ്യനെ കുളിപ്പിച്ച് കഴുകി ഉണക്കുന്ന ഒരു യന്ത്രം വരുമോ എന്ന്? എന്നാല്‍ ജപ്പാനിലെ ഷവര്‍ ഹെഡ് നിര്‍മ്മാതാക്കളായ സയന്‍സ് കോയുടെ ചെയർമാന്‍ യാസുകി അയോമ 1970 ലെ ജപ്പാൻ വേൾഡ് എക്‌സ്‌പോയിൽ കണ്ട ആശയങ്ങളിലൊന്നായിരുന്നു അത്. മുട്ടയുടെ ആകൃതിയിലുള്ള ഒരു പോഡ്, അതില്‍ വെള്ളം നിറച്ച്, മസാജ് ബോളുകള്‍കൊണ്ട് മനുഷ്യനെ കുളിപ്പിക്കുന്നു, സ്ക്രബ് ചെയ്യുന്നു... പരിഹാസ്യമായ ഒരു ആശയം! എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ‘മനുഷ്യ വാഷിങ് മെഷീൻ’ എന്ന ആശയം ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം.
മിറായ് നിങ്കേന്‍ സെന്റകുകി അഥവാ ‘ഭാവിയിലേക്കുള്ള ഈ മനുഷ്യ വാഷിങ് മെഷീന്‍’ 2025 ഏപ്രിലിൽ നടക്കാനിരിക്കുന്ന ഒസാക എക്സ്പോയിലാവും അവതരിപ്പിക്കുക. പിന്നാലെ യന്ത്രം വിപണിയിലെത്തിക്കും എന്നാണ് റിപ്പോര്‍ട്ട്. യന്ത്രത്തിന് വേണ്ടിയുള്ള ബുക്കിങ് ഇപ്പോൾതന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് യാസുകി അയോമയെ അതിശയിപ്പിച്ച പോഡുകള്‍ പോലെ ഒരു വസ്ത്രമെന്ന ലാഘവത്തോടെ ഇത് മനുഷ്യരെ കഴുകി ഉണക്കിത്തരും. ഇതിനായി ഈ മെഷീനിലേക്ക് നിങ്ങള്‍ കയറിയാല്‍ മാത്രം മതി.
പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറുക. പിന്നാലെ മെഷീന്‍ ഹൈസ്പീഡ് വാട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ ശരീരത്തിലേക്ക് പുറപ്പെടുവിക്കും ഇത് അഴുക്കുകള്‍ കഴുകിക്കളയും. ശരീര പ്രകൃതിയും ചലനങ്ങളും നിരീക്ഷിക്കാനും ജലത്തിന്‍റെ താപനില നിയന്ത്രിക്കാനും സെൻസറുകൾ ഉപയോഗിക്കുന്നു. കുളിക്കുമ്പോള്‍ എഐ നിങ്ങളുടെ മാനസികാവസ്ഥ വിശകലനം ചെയ്യും. മികച്ച അനുഭവം നല്‍കുന്നതിനായി ശാന്തമായ ദൃശ്യങ്ങളും കാണിക്കും. ഏകദേശം 15 മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് ഈ ‘കഴുകല്‍’ പ്രക്രിയ.
1970 ജപ്പാൻ വേൾഡ് എക്‌സ്‌പോയില്‍ സാനിയോ ഇലക്ട്രിക് കമ്പനിയാണ് (ഇന്നത്തെ പാനസോണിക് ഹോൾഡിംഗ്സ് കോർപ്പറേഷൻ) ഈ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. അൾട്രാസോണിക് ബാത്ത് എന്ന് വിളിക്കപ്പെടുന്ന സാങ്കേതിക വിദ്യയാണിത്. അൾട്രാസൗണ്ട് തരംഗങ്ങളും പ്ലാസ്റ്റിക് ബോളുകളും ഉപയോഗിച്ച് മനുഷ്യ ശരീരം വൃത്തിയാക്കുന്നതായിരുന്നു അവരുടെ ആശയം. എന്നാല്‍ ആശയത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.