ലെബനനില്‍ വോക്കിടോക്കികള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 37ആയി. ഒട്ടേറെ പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍.രക്ഷാസമിതി നാളെ യോഗം ചേരും.
പേജര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നാലെ ലെബനനില്‍ അടുത്ത പ്രഹരം. ബെയ്‌റൂട്ടിലും തെക്കൻ ലെബനനിലും വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ച സ്ഫോടനത്തോടെ ലെബനന്‍ ആശങ്കയിലാണ്. ആക്രമണത്തിന് പിന്നില്‍
മൊസാദാണെന്ന ഹിസ്ബുല്ലയുടെ ആരോപണത്തില്‍ ഇസ്രാേയല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെ നടന്ന സ്ഫോടനത്തില്‍ വാക്കി ടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതോടെ സൈന്യത്തിന്റെ ഒരു വിഭാഗത്തെ ഗാസയിൽ നിന്ന് ലെബനനുമായി അതിർത്തി പങ്കിടുന്ന വടക്കന്‍ ഭാഗത്തേക്ക് ഇസ്രായേല്‍ മാറ്റിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഗാസയിലെ ഹമാസുമായോ ലെബനനിലെ ഹിസ്ബുല്ലയുമായോ വെടിനിര്‍ത്തലിന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍. ലെബനന്‍ ആക്രമണത്തില്‍ യുഎന്‍ രക്ഷാസമിതി നാളെ യോഗം ചേരും.