ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് നാലുപേര്‍ക്ക് പരുക്ക്. സ്ഫോടനമുണ്ടായപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയവര്‍ക്കാണ് പരുക്കേറ്റത്. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. അമൃത്സര്‍– ഹൗറ എക്സ്പ്രസില്‍ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. ട്രെയിനില്‍ ഒരു ബക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത് യാത്രക്കാരെ ഭീതിയിലാഴ്ത്തി.
സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം. പടക്കം പൊട്ടിത്തെറിച്ച ശബ്ദംകേട്ട് ട്രെയിനില്‍ നിന്ന് ഇരുപതോളം പേര്‍ പുറത്തേക്ക് ചാടി. ഇതില്‍ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേര്‍ക്കാണ് പരുക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു സംഭവം. ട്രെയിനില്‍ കിടന്ന് ഉറങ്ങുമ്പോഴാണ് ശബ്ദം കേട്ടത്. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. പെട്ടെന്നു തന്നെ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി എന്നാണ് പരുക്കേറ്റ രാകേഷ് പല്‍ പിന്നീട് പ്രതികരിച്ചത്.
ബീഹാറിലെ വീട്ടിലേക്ക് പോകുകയായിരുന്ന അജയ്, ഭാര്യ സംഗീത എന്നിവര്‍ക്കും പരുക്കേറ്റു. സോനു കുമാര്‍ എന്ന യുവാവും ആശുപത്രിയില്‍ ചികിത്സ തേടി. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയെന്നും ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും ജിആര്‍പി ഡിസിപി ജഗ്മോഹന്‍ സിങ് അറിയിച്ചു. പടക്കത്തിന് തീ പടര്‍ന്നത് എങ്ങനെ, ആരാണ് ട്രെയിനില്‍ പടക്കം കൊണ്ടുവച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.