cat-found-california

രണ്ട് മാസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനുമൊടുവില്‍ വളര്‍ത്തു പൂച്ചയെ കണ്ടെത്തി ദമ്പതികള്‍. കലിഫോര്‍ണിയയിലാണ് സംഭവം. റെയ്ൻ ബ്യൂ എന്ന പൂച്ചയെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ദമ്പതികളായ ബെന്നിയും സൂസൻ ആൻഗ്യാനോയും. യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനത്തില്‍ വച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട റെയ്ൻ ബ്യൂ എന്നു വിളിക്കുന്ന വളര്‍ത്തു പൂച്ചയെ ദമ്പതികള്‍ക്ക് നഷ്ടമായത്. വലിയ മരുഭൂമിയുള്ള പ്രദേശമായതിനാൽ പൂച്ചയെ കണ്ടെത്താൻ സാധിക്കുമോയെന്ന് ഇവര്‍ ഭയന്നിരുന്നു. 

എന്നാല്‍ രണ്ടുമാസത്തിനു ശേഷം പൂച്ചയെ കണ്ടെത്തിയെന്നുള്ള സന്തോഷവാര്‍ത്ത ഇവരെ തേടിയെത്തി. യെല്ലോസ്റ്റോണിൽ നിന്ന് ഏകദേശം 800 മൈൽ അകലെ കലിഫോർണിയയിലെ റോസ്‌വില്ലിൽ നിന്ന് പൂച്ചയെ കണ്ടെത്തിയതായി മൃഗക്ഷേമ സംഘം ബെന്നിയെയും സൂസൻ ആൻഗ്യാനോയെയും അറിയിച്ചു.

ജൂണിൽ, ബെന്നിയും സൂസൻ ആൻഗ്യാനോയും ദേശീയ ഉദ്യാനത്തിൽ ക്യാംപിങ്ങിന് പോയി. ഉദ്യാനത്തില്‍ എന്തോ കണ്ട് ഭയന്ന പൂച്ച മരങ്ങള്‍ക്കിടയിലേക്ക് ഓടി പോവുകയായിരുന്നു. പെട്ടന്ന് തന്നെ തങ്ങളുടെ അടുത്തേയ്ക്ക് തിരികെ വരുമെന്ന് ദമ്പതികള്‍ പ്രതീക്ഷിച്ചെങ്കിലും ക്യാംപ് കഴിയുന്നതുവരെയും പൂച്ച മടങ്ങി വന്നില്ല. ഇതോടെ പൂച്ചയെ ലഭിക്കാത്തതിന്‍റെ നിരാശയില്‍ ഇരുവരും വീട്ടിലേക്ക് മടങ്ങി. 

തങ്ങളുടെ പ്രിയ വളര്‍ത്തുപൂച്ചയില്ലാതെ വീട്ടിലേക്ക് മടങ്ങിയ ആ ദിവസം ഏറെ പ്രയാസകരമായിരുന്നുവെന്നും അവനെ ഉപേക്ഷിച്ചു വന്നതുപോലെ തോന്നുന്നതായും സൂസൻ ആൻഗ്യാനോ പറഞ്ഞു. തെരുവിൽ ഒറ്റയ്ക്കു നിന്ന റെയ്ൻ ബ്യൂവിനെ ഒരു സ്ത്രീ കാണുകയും അഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇതോടെ റെയ്ൻ ബ്യൂവിന്‍റെ മൈക്രോചിപ്പിൽ നിന്ന് പൂച്ചയെ തിരിച്ചറിഞ്ഞ അഭയകേന്ദ്ര അധികൃതർ ഇക്കാര്യം ദമ്പതികളെ അറിയിക്കുകയായിരുന്നു. അങ്ങനെ രണ്ടുമാസത്തിനു ശേഷം തങ്ങളുടെ വളര്‍ത്തു പൂച്ചയെ ദമ്പതികള്‍ക്ക് തിരികെ കിട്ടി.

ഉദ്യാനത്തില്‍ നിന്ന് 800 മൈല്‍ അകലെ എങ്ങനെയാണ് പൂച്ച എത്തിയതെന്നുള്ള കാരണം വ്യക്തമായിട്ടില്ല.  വീട് തേടിയാണ് പൂച്ച ഇത്രയും ദൂരം നടന്നതെന്നാണ് ദമ്പതികള്‍ വിശ്വസിക്കുന്നത്. എന്തൊക്കെയാണെങ്കിലും തങ്ങളുടെ പ്രിയ പൂച്ചയെ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ദമ്പതികള്‍. ഉടമയെ തേടി ഇത്രയും ദൂരം സഞ്ചരിച്ച പൂച്ച സോഷ്യല്‍മീഡിയയിലും വൈറലാണ്.