മൂന്ന് ദിവസത്തെ യു.എസ്. സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചു. ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യു.എസ്. പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഇന്തോ– പസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനുള്ള നടപടികളും ചര്‍ച്ചചെയ്യും

വൈകിട്ട് ഡെലാവറില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. തുടര്‍ന്ന് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. ജോ ബൈഡനും ജപ്പാന്‍, ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഇന്തോ– പസഫിക് മേഖലയിലെ സുരക്ഷയും യുക്രെയ്നിലും ഗാസയിലും സമാധാനം പുനസ്ഥാപിക്കുന്നതും ചര്‍ച്ചയാവും. കാന്‍സര്‍ പ്രതിരോധത്തിനുള്ള നിര്‍ണായക ചുവടുവയ്പ്പും യോഗത്തില്‍ ഉണ്ടാവും. 

കാലാവസ്ഥാ വ്യതിയാനം,  സൈബര്‍ സുരക്ഷ രംഗത്തെ സഹകരണം എന്നിവയും അജന്‍ഡയിലുണ്ട്.  ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി ചര്‍ച്ച നടത്തും. നാളെ ലോങ് ഐലന്‍ഡില്‍ ഇന്ത്യന്‍ സമൂഹവുമായി മോദി സംവദിക്കും. വിവിധ കമ്പനികളുടെ സി.ഇ.ഒകളുമായും ചര്‍ച്ച നടത്തും. തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് സമ്മിറ്റ് ഓഫ് ദ് ഫ്യൂച്ചര്‍ പരിപാടിയില്‍ പ്രധാനമന്ത്രി സംസാരിക്കും. മോദിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് സാധ്യത കുറവാണ്.