panda-dog

TOPICS COVERED

മൃഗശാലയില്‍ പാണ്ടകളില്ലാത്തതിനാല്‍ നായകളെ പെയിന്‍റടിച്ച് പാണ്ടകവാക്കി പ്രദര്‍ശിപ്പിച്ചു. ചൈനയിലെ ഷാൻവെയ് മൃഗശാലയിലാണ് സംഭവം. ചൗ ചൗസ് ഇനത്തിൽപ്പെട്ട നായകളെയാണ് ഇത്തരത്തില്‍ പെയിന്‍റടിച്ച് പാണ്ടകളാക്കി മാറ്റിയത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് നേരെ നോക്കി നായകള്‍ കുരച്ചതോടെ കള്ളത്തരം പുറത്തായി. കൂടാതെ, കള്ളത്തരം കാണിച്ചതിന് മൃഗശാലയ്‌ക്കെതിരെയും അധികൃതര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

സന്ദർശകരെത്തിയപ്പോൾ നാലുകാലിൽ നടക്കുന്ന നാക്കുപുറത്തിട്ട പാണ്ടയെയാണ് കണ്ടത്. പാണ്ടകള്‍ കുരച്ചതോടെ ആളുകള്‍ അമ്പരന്നു. എന്നാല്‍ നായകളാണ് എന്ന് വെളിപ്പെടുത്താതെ തങ്ങളുടെ കള്ളത്തരം മറയ്ക്കാനാണ് മൃഗശാല അധികൃതർ ശ്രമിച്ചത്. പാണ്ടയിലെ സവിശേഷ ഇനമാണ് ഇതെന്ന് അധികൃതര്‍ സന്ദര്‍ശകരെ അറിയിച്ചു. 

വടക്കൻ ചൈനയിലെ പ്രമുഖ സ്പിറ്റ്സ് ഇനമായ നായയെയാണ് പാണ്ടയാക്കിയതെന്ന്  സന്ദർശകരിൽ പലരും കണ്ടെത്തി. പെയിന്‍റടിച്ച നായകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിഡിയോ ഇതിനോടകം വൈറലാണ്. സംഭവം വിവാദമായതോടെ മൃഗശാലയിലെ അധികൃതര്‍ക്ക് തങ്ങള്‍ ചെയ്ത തെറ്റ് സമ്മതിക്കേണ്ടി വന്നു. 

ചൈനയിലെ പല മൃഗശാലയിലും ഇതുപോലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. ജിയാങ്സു പ്രവിശ്യയിലെ തായ്ഷോ മൃഗശാലയിലും ഇത്തരം നായ്ക്കളെ പാണ്ടകളാക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇനിയും ഇത്തരം തട്ടിപ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിയമങ്ങള്‍ വേണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നു.