The Dalai Lama poses with his new book "Voice for the Voiceless"

The Dalai Lama poses with his new book "Voice for the Voiceless"

TOPICS COVERED

ദലൈലാമയുടെ പുതിയ പുസത്കം ‘വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസ്’  ഇറങ്ങിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍ തന്നെ പുസ്കത്തിനെതിരായി രംഗത്തെത്തിയിക്കുകയാണ് ചൈന. തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തായിരിക്കും ജനിക്കുക എന്നാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയ പുതിയ പുസ്തകത്തില്‍ ദലൈലാമ പറയുന്നത്. ‘ഒരു പുനർജന്മത്തിന്റെ ഉദ്ദേശ്യം മുൻഗാമിയുടെ പ്രവർത്തനങ്ങൾ തുടരുക എന്നതാണ്, അതിനാല്‍ പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും, അങ്ങനെ സാർവത്രിക കാരുണ്യത്തിന്റെ ശബ്ദമാകുക എന്ന ദലൈലാമയുടെ ദൗത്യം തുടരും’ ദലൈലാമ എഴുതി. ഈ എഴുത്താണ് നിലവില്‍ ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഏഴ് പതിറ്റാണ്ടുകളായി ചൈനീസ് നേതാക്കളുമായുള്ള തന്റെ ഇടപെടലുകളുടെ വിവരണമെന്നാണ് സ്വന്തം പുസ്തകത്തെ ദലൈലാമ വിശേഷിപ്പിക്കുന്നത്.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അടുത്ത ദലൈലാമ ചൈനീസ് ഭരണത്തിൻ കീഴിലല്ല, മറിച്ച് ‘സ്വതന്ത്ര ലോകത്താണ്’ ജനിക്കുകയെന്ന് ദലൈലാമ പറയുന്നത് ഇതാദ്യമായാണ്. ടിബറ്റിന് പുറത്ത് താൻ പുനർജന്മം സ്വീകരിക്കില്ലെന്ന് അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നു. ഒരുപക്ഷേ ആത്മീയ നേതാക്കളുടെ നിര തന്നോടെ അവസാനിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ദലൈലാമയുടെ പ്രസ്താവനകൾ നിരസിക്കുകയും അദ്ദേഹത്തെ വിഘടനവാദിയായി മുദ്രകുത്തുകയും ചെയ്യുന്ന ചൈന അദ്ദേഹത്തിന്റെ പിൻഗാമിയെ നിർണ്ണയിക്കാനുള്ള അധികാരം തങ്ങൾക്ക് മാത്രമാണെന്നാണ് വാദിക്കുന്നത്. ‘മതത്തിന്റെ മറവിൽ ചൈനീസ് വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നയാളാണ് ദലൈലാമയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ചൊവ്വാഴ്ച പറഞ്ഞതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ദലൈലാമയിടെ വംശാവലി ചൈനയിലെ ടിബറ്റിലാണ് രൂപപ്പെടുകയും വികസിക്കുകയും ചെയ്തത്, അദ്ദേഹത്തിന്റെ മതപരമായ പദവിയും പേരും ചൈനീസ് സർക്കാരാണ് നിർണ്ണയിച്ചത്’ മാവോ നിങ് പറഞ്ഞു. ‘പതിനാലാമത്തെ ദലൈലാമയെ മതപരമായ ആചാരങ്ങളും കൺവെൻഷനുകളും അനുസരിച്ചാണ് തിരിച്ചറിഞ്ഞത്. ശേഷം അംഗീകാരത്തിനായി അന്നത്തെ സർക്കാരിനെ സമീപിക്കുകയായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1995ൽ തന്റെ പിൻഗാമിയായ പഞ്ചൻ ലാമയായി ഒരു കുട്ടിയെ അദ്ദേഹം സ്‌ഥാനാരോഹണം നടത്തിയിരുന്നു. പിന്നാലെ ചൈന അതു തള്ളുകയും അവരുടെ സ്വന്തം ലാമയെ തിരഞ്ഞെടുക്കുകയും ചെയ്തു. അന്ന് ഇനിയൊരു ദലൈലാമ ഉണ്ടാകുമോ? എന്ന ചോദ്യമുയരുകയും മറുപടിയായി ‘എനിക്കൊരു പിൻഗാമി ഉണ്ടാകാൻ സാധ്യത കാണുന്നില്ല. ആരെങ്കിലുമൊരാൾ ആ സ്‌ഥാനത്തു കയറിയിരിക്കുന്നതിലും നല്ലത് എന്നോടുകൂടി ഈ ആചാരം അവസാനിക്കുന്നതാണെന്നും ദലൈലാമ പറഞ്ഞു. പിന്നീടൊരിക്കല്‍ തന്റെ പിൻഗാമി ഇന്ത്യയില്‍ നിന്നാവാമെന്നും ദലൈലാമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചൈന നിശ്ചയിക്കുന്ന പിന്‍ഗാമിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ദലൈലാമ ‘ശരിയായ പാതയിലേക്ക് മടങ്ങിവരുമെന്ന്’ പ്രതീക്ഷിക്കുന്ന‌ുവെന്നും ടിബറ്റും തായ്‌വാനും ചൈനയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും പീപ്പിൾസ് റിപ്പബ്ലിക്ഓഫ് ചൈനയുടെ ഏക നിയമപരമായ സർക്കാർ അവരുടെതാണെന്നും അംഗീകരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും കഴിഞ്ഞ മാസം ബീജിങ് പറഞ്ഞിരുന്നു. ‘സ്വന്തം മാതൃരാജ്യത്തിന്റെ സംരക്ഷകരാകാനുള്ള ടിബറ്റൻ ജനതയുടെ അവകാശം എന്നന്നേക്കും നിഷേധിക്കാൻ കഴിയില്ല, അടിച്ചമർത്തലിലൂടെ അവരുടെ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തെ എന്നെന്നേക്കുമായി തകർക്കാനും കഴിയില്ല’ അദ്ദേഹം എഴുതുന്നു.

ദലൈലാമയുടെ ആത്മാവ് മരണശേഷം മറ്റൊരു കുട്ടിയിലൂടെ പുനര്‍ജനിക്കുമെന്നാണ് ടിബറ്റന്‍ ബുദ്ധ വിശ്വാസം. 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദലൈലാമയ്ക്കായിരുന്നു. നിലവിലെ ദലൈലാമയ്ക്ക് രണ്ട് വയസ്സുള്ളപ്പോളാണ് അദ്ദേഹം അദ്ദേഹത്തിന്‍റെ മുൻഗാമിയുടെ പുനർജന്മമാണെന്ന് തിരിച്ചറിഞ്ഞത്. ചൈനീസ് അധിനിവേശത്തിനും അടിച്ചമർത്തലിനുമെതിരെ ടിബറ്റൻ പോരാളികൾ നടത്തിയ സായുധ കലാപത്തിനു പിന്നാലെ 1959 ലാണ് പതിനാലാം ദലൈലാമ അനുയായികൾക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്യുന്നത്. ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതില്‍ അമര്‍ഷം ഉള്ളവരും ഒരുപാടാണ്. അതുകൊണ്ടുതന്നെ ഹിമാചലിലെ ധർമശാല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദലൈലാമയുടെ ഓരോ വാക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സംഘർഷങ്ങളിലേക്ക് നയിച്ചേക്കാവുന്ന വിഷയമാണിന്നും.

ENGLISH SUMMARY:

Dalai Lama’s latest book, Voice for the Voiceless, has sparked strong reactions from China. In the book, he asserts that his successor will be born outside China, ensuring that his spiritual mission continues in the free world. China has condemned these statements, reaffirming its claim that it alone has the authority to determine the next Dalai Lama. The Tibetan spiritual leader has long maintained that he will not reincarnate under Chinese rule. The controversy adds to the longstanding tensions between China and the Tibetan exile community.