വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ വിവിധിയിടങ്ങളിൽ ഹിസ്ബുല്ലയുടെ 85 റോക്കറ്റുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ തീപിടിത്തം ഉണ്ടായതായും അണയ്ക്കാനുള്ള ശ്രമം നടക്കുന്നതായും ഇസ്രയേലി ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. കിര്യത് ബിയാലിക് നഗരത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലേക്കാണ് ആക്രമണമെന്ന് ഇസ്രയേൽ മിലിട്ടറി വ്യക്തമാക്കി.
ലെബനൻ ബോർഡറിൽ നിന്ന് 50 കിലോ മീറ്റർ ദൂരെയുള്ള റാമത് ഡേവിഡ് എയർബേസ് ലക്ഷ്യമിട്ടതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രയേലി എയർ ഫോഴ്സിന്റെ പ്രധാന എയർബേസാണിത്. ഇവിടെ രണ്ട് റൗണ്ട് മിസൈൽ ആക്രമണം നടത്തി. ഫാദി1, ഫാദി 2 മിസൈലുകളാണ് ഇവിടെ പ്രയോഗിച്ചതെന്നാണ് ഹിസ്ബുല്ല പറഞ്ഞു. ഇതുവരെ സംഘം ഉപയോഗിക്കാത്ത തരം മിസൈലുകളാണിത്. റഫേൽ ഡിഫൻസ് ടെക്നോളജി ക്യാംപസിലും റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
ആക്രമണത്തിന് പിന്നാലെ ഇസ്രയേലി സൈന്യം നിരവധി ലെബനൻ കേന്ദ്രങ്ങളിൽ ബോംബിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തെക്കൻ ലെബനനിലുടനീളം റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ 400 ഓളം തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹിസ്ബുല്ലയുടെ ആയുധപുര
ലോകത്തിലെ ഏറ്റവും വലിയ ആയുധധാരികളായ നോൺ-സ്റ്റേറ്റ് ഗ്രൂപ്പുകളിലൊന്നാണ് ഹിസ്ബുല്ല. അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ കണക്ക് പ്രകാരം 1.50 ലക്ഷത്തിന് മുകളിൽ മിസൈൽ, റോക്കറ്റ് സംവിധാനങ്ങൾ ഹിസ്ബുല്ലയ്ക്കുണ്ട്. ഇസ്രയേലിന്റെ എല്ലാ മേഖലകളിലും എത്താൻ സാധിക്കുന്ന വിധം റോക്കറ്റുകൾ സ്വന്തമായുണ്ടെന്നാണ് ഹിസ്ബുല്ല അവകാശപ്പെടുന്നത്. മിക്കതും അൺഗൈഡഡ് മിസൈലുകളാണെങ്കിലും കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കുന്ന മിസൈലുകളും ഹിസ്ബുല്ലയുടെ പക്കലുണ്ട്.
ഇതിൽ ഭൂരിഭാഗവും ഇറാനിൽ നിന്ന് ലഭിച്ചതാണ്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ഭൂരിഭാഗം ആയുധങ്ങളും ഇറാൻ, റഷ്യൻ, ചൈനീസ് നിർമിതമാണ്. ഒരു ലക്ഷം പ്രവർത്തകരുണ്ടെന്നാണ് 2021 ൽ ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസ്സൻ നസ്റല്ല പറഞ്ഞത്. എന്നാൽ അമേരിക്കയുടെ കണക്ക് പ്രകാരം, 45,000 അംഗങ്ങളുണ്ടാകുമെന്നാണ്.
ഹിസ്ബുല്ലയുടെ അൺഗൈഡഡ് റോക്കറ്റുകളിൽ പ്രധാനം കത്യുഷ റോക്കറ്റാണ്. 2006 ലെ യുദ്ധത്തിൽ ഇസ്രയേലിനെതിരെ ഇവ ഉപയോഗിച്ചിട്ടുമുണ്ട്. 30 കിലോ മീറ്ററാണ് ശേഷി. 300-500 കിലോ സ്ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ബുർക്കാൻ മിസൈലും ഇസ്രയേലിന്റെ കയ്യിലുണ്ട്. ഇവയേക്കാൾ അപ്ഡേറ്റഡായ വലിയ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഫലക് 2 റോക്കറ്റുകൾ. ഇറാൻ നിർമിത റാഡ്, ഫജർ, സിൽസാൽ മിസൈലുകളും ഹിസ്ബുല്ലയ്ക്ക് മൂർച്ച കൂട്ടുന്നു.
കവചിത സൈനിക ടാങ്കറുകളെ പോലും തകർക്കാൻ ശേഷിയുള്ള റഷ്യൻ കോർനെറ്റ്, ഇസ്രയേലി സ്പൈക്ക് മിസൈലുകളെ അടിസ്ഥാനമാക്കി
ഇറാൻ നിർമിച്ച അമാസ് മിസൈൽ, ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ള ഭൂതല-വിമാന മിസൈൽ സംവിധാനങ്ങൾ എന്നിവ ഹിസ്ബുള്ളയ്ക്കുണ്ട്. ഈയിടെ ഇസ്രയേൽ ഹെർമസ് 450, 490 ഡ്രോണുകളെ ഇവ തകർത്തിട്ടുണ്ട്.