cease-fire

ഇസ്രയേലും ലബനനും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാർ അംഗീകരിച്ചു. സന്തോഷ വാർത്തയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. യുഎസ്-ഫ്രഞ്ച് മധ്യസ്‌ഥതയിലുള്ള വെടിനിർത്തൽ കരാര്‍ പ്രകാരം ഹിസ്ബുല്ല തെക്കൻ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ട് പിൻമാറണം. ലബനൻ അതിർത്തിയിൽ നിന്നു സൈന്യത്തെ ഇസ്രയേലും പിൻവലിക്കും. പ്രാദേശിക സമയം പുലർച്ചെ നാലു മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പു നൽകി. 

ഇറാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക, സൈന്യത്തിന് വിശ്രമം നൽകുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങൾ സംഭരിക്കുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിർത്തലിന് പിന്നിലെന്ന് നെതന്യാഹു പറഞ്ഞു. ആക്രമണം ആരംഭിച്ച ദിനങ്ങളെ അപേക്ഷിച്ച് ഹിസ്ബുല്ല വളരെ ദുർബലമാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. വെടിനിർത്തൽ തീരുമാനം സന്തോഷകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രതികരിച്ചു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിൽ ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മേഖലയിലെ സംഘർഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിർത്തലെന്നും അതേസമയം കരാർ ലംഘിച്ചാൽ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു. തുടര്‍ന്ന് ഗാസയിലും വെടിനിർത്തലിന് യു.എസ് ശ്രമമാരംഭിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു. കരാറിനെ ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി സ്വാഗതം ചെയ്തു. അതേസമയം, ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ലബനനിലെ വടക്കൻ മേഖലയിൽ ഇസ്രയേൽ ആക്രമണം നടത്തി.

 
Israel agrees to cease-fire with Lebanon, Biden responds to announcement.:

Israel agrees to cease-fire with Lebanon, Biden responds to announcement. This deal puts a temporary end to a fight against Hezbollah that has killed thousands of people since the conflict was sparked by the war in Gaza in 2023