AI generated image

TOPICS COVERED

വിമാനത്തില്‍ മദ്യം കഴിച്ച് ബഹളംവച്ച യുവതിയെ ഗത്യന്തരമില്ലാതെ സീറ്റില്‍ കെട്ടിയിട്ട് ബ്രസീലിലെ അസൂള്‍ എയര്‍ലൈന്‍സിലെ ക്രൂ. മദ്യം ഉള്ളില്‍ ചെന്നതോടെ യുവതി പരിസരം മറന്ന് വിമാനത്തിന് തീ പിടിച്ചുവെന്ന് അലറിവിളിക്കുകയാണ്. ഇവരെ വരുതിയിലാക്കാന്‍ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ പരമാവധി പരിശ്രമിച്ചിട്ടും നടന്നില്ല. ഇതോടെയാണ് ഇവരെ സീറ്റില്‍ കെട്ടിയിട്ടത്.

റെസീഫില്‍ നിന്നുള്ള വിമാനത്തിലാണ് അതിനാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യുവതിയുടെ ബഹളം കേട്ട് ഒപ്പമുണ്ടായിരുന്ന യാത്രക്കാരും പരിഭ്രാന്തരായി. വിമാനം ഇപ്പോള്‍ തകര്‍ന്നുവീഴും എന്നു പറഞ്ഞായിരുന്നു യുവതി ബഹളം വച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കൊടുവില്‍ വിരാകൊപോസ് വിമാനത്താവളത്തില്‍ വച്ച് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

‘യുവതിയുടെ അച്ചടക്കമില്ലാത്ത പെരുമാറ്റം വിമാനയാത്രയില്‍ ചില പ്രശ്നങ്ങളുണ്ടാക്കി. മറ്റ് യാത്രക്കാര്‍ക്കും വിമാനത്തിലെ ക്രൂവിനും യുവതി വലിയ തോതില്‍ അത് ബുദ്ധിമുട്ടുണ്ടാക്കി. ലോകോത്തര നിലവാരമുള്ള സേവനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വിമാനത്തിലുണ്ടായാല്‍ അതിനെ ചെറുക്കാനും നേരിടാനും വേണ്ട നടപടികളെക്കുറിച്ച് ക്രൂവിനും പൈലറ്റിനും കൃത്യമായ ധാരണയുണ്ട്’ എന്ന് പ്രസ്താവന പിന്നീട് അസൂള്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടു.

നേരത്തെ വിമാനത്തില്‍ യാത്രക്കാരന്‍ അനാവശ്യമായി ബഹളം വച്ചതിനെ തുടര്‍ന്ന് ഗ്രീസിലെ കോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഈസിജെറ്റിന്‍റെ വിമാനം മ്യൂണിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കേണ്ടി വന്നിരുന്നു. യാത്രക്കാരന്‍ രണ്ടു മണിക്കൂറോളമാണ് വിമാനത്തില്‍ ബഹളം വച്ചത്. ശല്യം സഹിക്കാനാവാതെ വിമാനത്തിന്‍റെ പൈലറ്റ് ഇയാളെ അടിക്കുകയുമുണ്ടായി. വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരന്‍ പൊലീസ് പിടിയിലായി.

ENGLISH SUMMARY: