പ്രതീകാത്മക ചിത്രം

ഭൂചലനവും ഭീമന്‍ തിരമാലകളും ആര്‍ത്തലച്ചു വന്നപ്പോള്‍ അവര്‍ അഭയം തേടിയത് വിഷപ്പാമ്പുകള്‍ നിറഞ്ഞ കൊടും കാട്ടിനുള്ളില്‍. നിറവയറുമായി കാടുകയറിയ നമിത റോയി എന്ന ഇരുപത്തിയാറുകാരിക്ക് ആ സമയം പ്രസവവേദന അനുഭവപ്പെട്ടു. കാടിനു നടുവില്‍ അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു, അവന് ‘സുനാമി’ എന്ന പേരുമിട്ടു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഹട്ട് ബേ ദ്വീപിലാണ് മുത്തശ്ശിക്കഥകളിലേതു പോലെയൊരു കുഞ്ഞ് ജനിച്ചത്. ആ കുഞ്ഞിന് ഇന്ന് 26 വയസ്സായി. ഇന്നും അന്ന് നേരിട്ട അനുഭവം നമിതയുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. 2004ല്‍ ഭീമന്‍ സുനാമിത്തിരകള്‍ കരയെ കവര്‍ന്നെടുത്തപ്പോള്‍ പ്രാണരക്ഷാര്‍ഥമാണ് നമിതയും കുടുംബവും കാടുകയറിയത്. ഇന്നും ആ ഓര്‍മകളെ തന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് എന്നാണ് നമിത പറയുന്നത്.

‘ആ ദിവസങ്ങള്‍ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്രത്തോളം ഭയം നിറഞ്ഞ അനുഭവമാണത്. ഞാന്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. വീട്ടുജോലികളില്‍ മുഴുകിയിരിക്കവേ ചുറ്റും ശ്മശാന മൂകത. പുറത്തേക്ക് നോക്കിയപ്പോള്‍ കാണുന്നത് മൈലുകളോളം കടല്‍ പിന്നോട്ട് വലിയുന്നതാണ്. പക്ഷികളും മൃഗങ്ങളും എന്തോ അപകടം മണത്തിട്ടെന്നപ്പോലെ വിരളിപൂണ്ട് ഒച്ചവയ്ക്കുന്നു. സെക്കന്‍റുകള്‍ക്കുള്ളില്‍ കാണുന്നത് ഭയപ്പെടുത്തുംവിധം കടല്‍ത്തിരമാല ഒരു വലിയ മതില്‍ കണക്കെ പൊങ്ങിവരുന്നതാണ്. വലിയ ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു. 

ചുറ്റുമുണ്ടായിരുന്നവര്‍ ഒച്ചവയ്ക്കുന്നതും കരയുന്നതും മാത്രമാണ് ചെവിയില്‍ മുഴങ്ങിക്കേട്ടതപ്പോള്‍. സമീപത്തുള്ള മലയിലേക്ക് എല്ലാവരും ഓടിക്കയറുന്നു. ഭയം മൂര്‍ച്ഛിച്ച് ഞാനവിടെ തലക്കറങ്ങി വീണു. മണിക്കൂറുകള്‍ക്കു ശേഷം എനിക്ക് ബോധം വരുമ്പോള്‍ കാണുന്നത്, കാടിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ക്കു നടുവില്‍ ഞാന്‍ കിടക്കുന്നതാണ്. ഭര്‍ത്താവിന്‍റെയും മകന്‍റെയും മുഖം കണ്ടതോടെ പരിഭ്രമം മാറി ആശ്വാസം തോന്നി. ആ ഭീമന്‍ തിരമാല ഞങ്ങളുടെ ദ്വീപ് അപ്പാടെ തകര്‍ത്തെറിഞ്ഞാണ് പിന്‍വാങ്ങിയത്. എല്ലാം നഷ്ടമായി.

രാത്രി പന്ത്രണ്ട് മണിയോടടുത്ത് കാട്ടിനുള്ളില്‍ വച്ച് എനിക്ക് പ്രസവവേദന അനുഭവപ്പെട്ടു. എന്‍റെ ഭര്‍ത്താവ് സഹായത്തിനായി ഓടിനടന്നു. കുറച്ചു സ്ത്രീകള്‍ ചേര്‍ന്ന് ഒരു മറപ്പുരപ്പോലെയുണ്ടാക്കി എന്നെ അതിലേക്ക് മാറ്റി. അവരാണ് ‘സുനാമി’യെ പ്രസവിക്കുമ്പോള്‍ എനിക്കൊപ്പമുണ്ടായിരുന്നത്. വിഷപ്പാമ്പുകള്‍ നിറഞ്ഞ കാട്ടിനുള്ളിലെ പ്രസവം അതീവ ദുരിതപൂര്‍ണമായിരുന്നു.  

ഭക്ഷണം പോലുമില്ലാതെ ആ കാട്ടിനുള്ളില്‍ കിടന്നു. കടലിലെ കാഴ്ചയെ ഭയന്ന് കാടിറങ്ങാനും പേടിയായിരുന്നു. രക്തസ്രാവം അമിതമായതോടെ എന്ത് ചെയ്യണമെന്നറിയാതെയായി. മാസം തികയും മുന്‍പ് ജനിച്ച കുട്ടിയാണ് ‘സുനാമി’. അവന്‍റെ ജീവന്‍ നിലനിര്‍ത്താനായി ഞാന്‍ പാല് കൊടുത്തുകൊണ്ടേയിരുന്നു. ചിലര്‍ കരിക്ക് കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. നാല് രാത്രികള്‍ ലാല്‍ തിക്രി ഹില്‍സ് എന്ന കാട്ടിനുള്ളില്‍ കഴിയേണ്ടി വന്നു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് ഞങ്ങളെ രക്ഷിച്ചത്. അവര്‍ എന്നെ ആശുപത്രിയിലാക്കി’. ഭയം കലര്‍ന്ന സ്വരത്തിലാണ് നമിത ഇതത്രയും പറഞ്ഞുനിര്‍ത്തുന്നത്.

സുനാമിയെക്കൂടാതെ നമിതയ്ക്ക് ഒരു മകന്‍ കൂടിയുണ്ട്, സൗരവ്. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് സുനാമി പറയുന്നു. ഓഷ്യനോഗ്രഫര്‍ (സമുദ്രശാസ്ത്രം) ആയി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്ന് സുനാമി. 

‘എന്‍റെ അമ്മയാണ് എനിക്കെല്ലാം. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും കരുത്തയായ സ്ത്രീയാണ് എന്‍റെ അമ്മ. അച്ഛന്‍റെ മരണശേഷം ഞങ്ങള്‍ക്കുവേണ്ടി അമ്മ ഒരുപാട് കഷ്ടപ്പെട്ടു. ‘സുനാമി കിച്ചണ്‍’ എന്ന പേരില്‍ തുടങ്ങിയ ഭക്ഷണവിതരണ കേന്ദ്രമായിരുന്നു വരുമാന മാര്‍ഗം. അത് അഭിമാനത്തോടെയാണ് അമ്മ പറയാറുള്ളത്’ എന്ന് സുനാമി പറയുന്നു. ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരനാണ് സൗരവ്. കോവിഡ് ബാധിച്ചാണ് നമിതയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. 

ENGLISH SUMMARY:

Woman gave birth at middle of a snake-infested jungle. Named her new born baby 'Tsunami'. Even now she remembers the day with a shudder.