soudi-island

‘കടല്‍ത്തീരത്ത് സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം’, ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഇത്രമാത്രം. തൊട്ടുപിന്നാലെ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് ആ സ്നേഹനിധിയായ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി അല്‍ നദക് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമയായ യുവതിയാണ് ഭര്‍ത്താവ് തനിക്കു നല്‍കിയ സമ്മാനത്തെക്കുറിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജമാല്‍ അല്‍ നദക് എന്ന ബിസിനസുകാരനാണ് ഇരുപത്തിയാറുകാറിയായ സോദിയുടെ ഭര്‍ത്താവ്. ‘മുഴുവന്‍ സമയ വീട്ടമ്മ’ എന്നാണ് ബ്രിട്ടീഷുകാരി കൂടിയായ സോദി സ്വയം പരിചയപ്പെടുത്തുന്നത്. ഭര്‍ത്താവുമൊത്തുള്ള  ഒട്ടേറെ വിഡിയോകള്‍ ഇവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. 

മിക്ക വിഡിയോകളിലും കോടീശ്വരനായ ദുബായ്ക്കാരനെ വിവാഹം കഴിച്ചാല്‍ എന്നുതുടങ്ങുന്ന വാചകവുമുണ്ടാകും. അത്യാഢംബരം നിറഞ്ഞ ഇവരുടെ ജീവിതരീതികളാണ് സോദി വിഡിയോകളില്‍ കാട്ടിത്തരുന്നതും. ഭര്‍ത്താവുമൊത്തുള്ള യാത്രകള്‍, അവധിയാഘോഷം, ഷോപ്പിങ്, ഭക്ഷണം തുടങ്ങി എല്ലാം സോദി പങ്കുവയ്ക്കാറുണ്ട്. ആ നിരയില്‍ അവസാനമായെത്തിയതാണ് ദ്വീപ് റീല്‍.

ഒരാഴ്ചകൊണ്ട് ഇരുപത് ലക്ഷത്തിനധികം പേരാണ് വിഡിയോ കണ്ടത്. സുരക്ഷിത സമ്പാദ്യം എന്ന നിലയിലാണ് ദ്വീപ് വാങ്ങിയതെന്ന് പിന്നീട് സോദി പ്രതികരിച്ചു. ‘കടല്‍ത്തീരത്ത് ഞാന്‍ സുരക്ഷിതയായിരിക്കണം എന്ന് എന്‍റെ ഭര്‍ത്താവിന് നിര്‍ബദ്ധമുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ ദ്വീപ് ഞങ്ങള്‍ വാങ്ങിയത്’ എന്നാണ് സോദി പറഞ്ഞത്.

എവിടെയാണ് ദ്വീപ് വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യതയും സുരക്ഷിതത്വവും കണക്കിലെടുത്താണ് ഇക്കാര്യം പുറത്തുപറയാത്തതെന്ന് സോദി വ്യക്തമാക്കി. 50 മില്യണ്‍ ഡോളറോളം ചെലവിട്ടാണ് ഭര്‍ത്താവ് ഏഷ്യയിലൊരിടത്ത് ഈ ദ്വീപ് വാങ്ങിയിരിക്കുന്നതെന്ന് മാത്രമാണ് സോദി പറഞ്ഞിരിക്കുന്നത്. റീലില്‍ വിമാനയാത്രയും ദ്വീപിന്‍റെ ചെറിയൊരു ഭാഗവും കാണിക്കുന്നുണ്ട്.

ENGLISH SUMMARY:

A Dubai-based housewife claims her millionaire husband bought a private island so she can feel safe on the beach in bikini. Soudi Al Nadak shared an Instagram video of the private island with the caption, “POV: You wanted to wear a bikini so your millionaire husband bought you an island.”