TOPICS COVERED

ഹിസ്ബുള്ളക്കെതിരെ ലബനനില്‍ കരയുദ്ധം നടത്തുമെന്ന സൂചന നല്‍കി ഇസ്രയേല്‍. വ്യോമാക്രമണം കരയുദ്ധത്തിനുള്ള ഒരുക്കമാണെന്ന്  സൈനിക മേധാവി ഹേര്‍സി ഹലേവി പറഞ്ഞു.  ഇസ്രയേല്‍ അടിയന്തര വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് അമേരിക്കയും ഫ്രാന്‍സും ആവശ്യപ്പെട്ടു.  

വടക്കന്‍ ലെബനാനിലേക്ക് കൂടി വ്യോമാക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇന്നലെ നടത്തിയ ആക്രമണത്തില്‍ 72പേര്‍ കൊല്ലപ്പെടുകയും നാന്നൂറിലധികം പേര്‍ക്ക് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇതോടെ  620ആയി. ആശുപത്രികള്‍ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞുവെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുടെ വേരറുക്കുംവരെ ഒരു തരത്തിലും പിന്നോട്ടില്ലെന്ന നിലപാടിലാണ്  ഇസ്രയേല്‍. കരയുദ്ധത്തിനുള്ള ഒരുക്കമാണെന്ന് സൈനികമേധാവി ഹേര്‍സി ഹലേവി ലബനന്‍ വടക്കന്‍ അതിര്‍ത്തിയിലെ സൈനികരെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി. 

തിരിച്ചടിയായി  തെല്‍അവീവിലേക്ക് ഹിസ്ബുള്ള  മിസൈല്‍ ആക്രമണം നടത്തിയെങ്കിലും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രയേല്‍ ആക്രമണം തുടരുകയാണെങ്കില്‍ വെറുതെയിരിക്കില്ലെന്ന നിലപാടിലാണ്  ഇറാന്‍. ലെബനനെ മറ്റൊരു ഗാസയാകാന്‍ അനുവദിച്ചുകൂടെന്ന് യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. 

21 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അമേരിക്കയും ഫ്രാന്‍സും രംഗത്തെത്തിയുണ്ടെങ്കിലും വഴങ്ങാന്‍ ഇസ്രയേലോ ഹിസ്ബുള്ളയോ തയ്യാറായിട്ടില്ല. ലെബനനില്‍ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്.

ENGLISH SUMMARY:

Israel has signaled that it will launch a ground war in Lebanon against Hezbollah