നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചതു സംബന്ധിച്ചു രണ്ടും മൂന്നും സ്ഥാനക്കാർ നൽകിയ പരാതി ജൂറി ഓഫ് അപ്പീൽ തള്ളി. പരാതിക്കാർ സമർപ്പിച്ച തെളിവുകൾ പരിശോധിച്ച ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ തന്നെയാണു ജേതാക്കളെന്നു സമിതി വ്യക്തമാക്കി. തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു.
എഡിഎം, ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ എന്നിവർ സ്ഥിരാംഗങ്ങളായ സമിതിയാണു പരാതികൾ തള്ളിയത്. നെഹ്റു ട്രോഫി വള്ളംകളി ചീഫ് കോഓർഡിനേറ്റർ സി.കെ.സദാശിവൻ, മാസ്റ്റർ ഓഫ് സെറിമണി ചീഫ് ആർ.കെ.കുറുപ്പ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായുണ്ട്.
ഫൈനൽ മത്സരത്തിൽ ഒരേപോലെ ഫിനിഷ് ചെയ്തിട്ടും അന്തിമ വിശകലനം നടത്താതെ, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചെന്നാണു രണ്ടാം സ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ തുഴഞ്ഞ വിബിസി കൈനകരി പരാതി ഉന്നയിച്ചത്. സ്റ്റാർട്ടിങ് പോയിന്റിലെ അപാകത മൂലം ട്രോഫി നഷ്ടപ്പെട്ടെന്നായിരുന്നു നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പരാതി.
എഴുപതാമതു നെഹ്റു ട്രോഫി വള്ളംകളിയിൽ 0.005 സെക്കൻഡ് വ്യത്യാസത്തിലാണു കാരിച്ചാൽ ചുണ്ടൻ (4.29.785) ജേതാവായത്. വീയപുരം ചുണ്ടൻ (4.29.790) രണ്ടും നടുഭാഗം ചുണ്ടൻ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (4.30.56) നാലും സ്ഥാനങ്ങൾ നേടി.