ക്രോപ് ടോപ്പ് ധരിച്ച സ്ത്രീകളെ വിമാനത്തില്‍ നിന്നും പുറത്താക്കി. 'മാന്യമായ വസ്ത്ര'മല്ല ഇരുവരും ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞാണ് സ്​ത്രീകളെ പുറത്താക്കിയത്. ലൊസാഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം നടന്നത്. ആൻജ് തെരേസ, താര കെഹിദി എന്നീ വനിതകളാണ് തങ്ങള്‍ നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

വിമാനത്തിൽ കയറുമ്പോള്‍ കമ്പിളി വസ്ത്രങ്ങളായിരുന്നു ഇവര്‍ ധരിച്ചത്. എന്നാല്‍ വിമാനത്തിലെ മോശം ശീതീകരണം കാരണം കമ്പിളി വസ്ത്രങ്ങള്‍ അഴിക്കേണ്ടി വന്നു. പിന്നാലെ ഫ്ലൈറ്റിലെ ഉദ്യോഗസ്ഥര്‍ വന്ന് എന്തെങ്കിലും വസ്ത്രം ധരിക്കണമെന്നും ശരീരം മറക്കണമെന്നും ഇവരോട് ആവശ്യപ്പെടുകയായിരുന്നു. യുവതികള്‍ ഉദ്യോഗസ്ഥനോട് ഇതിന്‍റെ ആവശ്യകത എന്താണെന്ന് തിരിച്ച് ചോദിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. 

ഒപ്പമുള്ള യാത്രക്കാരും മറ്റ് ജീവനക്കാരും യുവതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ വിമാനത്തില്‍ നിന്നും ഇറങ്ങിപോകണമെന്നും ഇല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ യുവതികൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നു. 

വിമാനത്താവളത്തില്‍ ഇറങ്ങി മറ്റു ഉദ്യോഗസ്ഥരോട് ഈ വിവരം പങ്കുവച്ചപ്പോള്‍ തങ്ങളെ ഇറക്കിവിട്ട ഉദ്യോഗസ്ഥന്‍റെ നടപടി സ്​ത്രീവിരുദ്ധവും വിവേചനപരവുമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടതെന്നും യുവതികള്‍ പറയുന്നു. അതേസമയം ഇവര്‍ക്ക് നഷ്​ടപരിഹാരവും ലഭിച്ചിരുന്നില്ല. യാത്രക്കായി 1000 ഡോളര്‍ മുടക്കി തങ്ങള്‍ക്ക് മറ്റൊരു വിമാനം ബുക്ക് ചെയ്യേണ്ടിവന്നുവെന്നും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വിഡിയോ സഹിതമാണ് യുവതികൾ ഇക്കാര്യം അറിയിച്ചത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യുവതികൾ അറിയിച്ചു.

ENGLISH SUMMARY:

Women wearing crop tops were kicked off the plane