മലയാളിയായ മോണ്‍.ജോര്‍ജ് ജേക്കബ്ബ് കൂവക്കാടിനെ മാര്‍പ്പാപ്പ കര്‍ദിനാളായി ഉയര്‍ത്തി. സിറോ മലബാര്‍ സഭാംഗമാണ് മോണ്‍.ജോര്‍ജ് ജേക്കബ്ബ് കൂവക്കാട്. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വത്തിക്കാന്‍ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം. 2020 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ അന്താരാഷ്‌ട്ര യാത്രകൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ജോര്‍ജ് ജേക്കബിനാണ്. ഇന്ന് ഫ്രാൻസിസ് മാർപാപ്പ 21 പേരെയാണ് പുതിയ കർദ്ദിനാൾമാരായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് ഇത് ആദ്യമായാണ് ഒരു വൈദികൻ നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്നത്.
1973 ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം 2004 ജൂലൈ 24-ന് വൈദികനായി അഭിഷിക്തനായി. പിന്നീട് പൊന്തിഫിക്കൽ എക്ലെസിയാസ്റ്റിക് അക്കാദമിയിൽ നയതന്ത്ര സേവനത്തിനുള്ള പരിശീലനം തുടർന്നു. 2006-ൽ അൾജീരിയയിലെ അപ്പസ്തോലിക് നൂൺഷിയേച്ചറിൽ നയതന്ത്ര ജീവിതം ആരംഭിച്ചു. വർഷങ്ങളായി,ദക്ഷിണ കൊറിയയിലും ഇറാനിലും ന്യൂൺഷിയേച്ചർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം കോസ്റ്റാറിക്കയിലെയും വെനിസ്വേലയിലെയും ന്യൂൺസിയേച്ചേഴ്സിന്റെ കൗൺസിലറായി. 2020-ൽ അദ്ദേഹം മാര്‍പാപ്പയുടെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ചേർന്നു, മാർപാപ്പയുടെ ആഗോള യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു.