ജപ്പാനിലെ ആണവബോംബാക്രമണത്തെ അതിജീവിച്ചവരുടെ സംഘടനായ നിഹോങ് ഹിഡാന്‍ക്യോയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. ലോകത്തെ ആണവായുധ മുക്തമാക്കാന്‍ പ്രവര്‍ത്തിക്കുന്നതിനാണ് അംഗീകാരമെന്ന് പുരസ്കാരം പ്രഖ്യാപിച്ച് നോര്‍വീജിയന്‍ കമ്മിറ്റി അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനിടെ 1945 ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവാക്രമണം നടത്തിയതിന്‍റെ എണ്‍പതാം വാര്‍ഷികത്തില്‍ അതിജീവിതരുടെ സംഘടനയ്ക്ക് സമാധാനത്തിന്‍റെ നൊബേല്‍ പുരസ്കാരം.
ആണവയുദ്ധം അവസാനിപ്പിക്കുക ആണവായുദ്ധങ്ങള്‍ ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെ 1956ല്‍ രൂപീകൃതമായി നിലവില്‍ 1,74,080 പേരടങ്ങിയ ജപ്പാനിലെ പ്രധാന സംഘടനയാണ് നിഹോങ് ഹിഡാന്‍ക്യോ. ആണവയുദ്ധത്തിന്‍റെ അതിജീവിതരായി അറിയപ്പെടുന്ന ഹിബാകുഷകളാണ് സംഘടനയിലെ അംഗങ്ങള്‍.
Also Read: 'ഇനിയൊരിക്കലും അരുത്'; ആണവായുധമില്ലാത്ത ലോകം സ്വപ്നം; എന്താണ് 'നിഹോണ്‍ ഹിഡാന്‍ക്യോ?'
അനുഭവങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികളടക്കമുള്ളവരില്‍ ബോധവല്‍ക്കരണം നടത്തുകയും ലോകത്ത് ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് രൂപീകരിക്കുന്നതിനും ഹിബാകുഷകളുടെ സംഘടന വലിയ ശ്രമം നടത്തിയെന്നത് പരിഗണിച്ചാണ് പുരസ്കാരം.
ആണവആക്രമണത്തിന്‍റെ അനന്തരഫലങ്ങളെന്താണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ സംഘടനയ്ക്ക് വലിയ പങ്കുവഹിക്കാനായെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി. അമേരിക്ക നടത്തിയ ആക്രമണത്തിന്‍റെ അതിജീവിതരെയാണ് യുദ്ധം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് നോര്‍വീജിയന്‍ കമ്മിറ്റി സമ്മാനത്തിനായി പരിഗണിച്ചതെന്നും ശ്രദ്ധേയമാണ്.
197 വ്യക്തികളേയും 89 സംഘടനകളേയുമാണ് ഇത്തവണത്തെ സമാധാന നൊബേലിനായി പരിഗണിച്ചത്. പതിനൊന്നു ലക്ഷം ഡോളര്‍ സമ്മാനത്തുകയും മെഡലും ഡിസംബര്‍ പത്തിന് സമര്‍പ്പിക്കും.