കാല്‍വിരല്‍ നഖത്തിലെ ഫംഗല്‍ അണുബാധ മാറാനായി ചെയ്ത മസാജിനെ തുടര്‍ന്ന് നാലു വയസുകാരന്‍റെ വിരല്‍ മുറിച്ചുമാറ്റി. ചൈനയിലെ ചോങ്കിങ്ങിലാണ് സംഭവം നടന്നത്. കാല്‍വരലില്‍ ഫംഗസ് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് ലുവോഷെന്‍ഡോങ് ഫൂട്ട് മസാജ് പാര്‍ലറില്‍ പിതാവ് കുട്ടിയെ കൊണ്ടുപോയത്.
പാര്‍ലറിലെ ജീവനക്കാര്‍ പുതിയൊരു നെയ്ല്‍ റിമൂവിങ് ക്രീം പരിചയപ്പെടുത്തി. കുട്ടിയുടെ വിരലില്‍ ക്രീം പുരട്ടി ഇലാസ്റ്റിക് ബാന്‍ഡേജ് കൊണ്ട് കെട്ടിവച്ചു. മസാജിനായി 600 യുവാനാണ് (7000 രൂപ) പാര്‍ലറില്‍ വാങ്ങിയത്. മസാജിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കാല്‍വിരല്‍ ദ്രവിച്ച് കറുത്തിരിക്കുന്നതായി പിതാവിന്‍റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തം ലഭിക്കാതെ ശരീര കലകള്‍ നശിച്ചുപോകുന്ന ഗംഗ്രിന്‍ എന്ന ഗുരുതര അവസ്ഥയിലാണ് കുട്ടിയുടെ വിരല്‍ എന്ന് കണ്ടെത്തി. അണുബാധ കൂടുതല്‍ ഭാഗത്തേക്ക് പകരാതിരിക്കാന്‍ വിരലുകള്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ പാര്‍ലറിനെതിരെ നിയമനടപടികളിലേക്ക് കടന്ന പിതാവ് 200,000 യുവാന്‍ (23 ലക്ഷം) രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ തുക കൂടുതലാണെന്ന് പറഞ്ഞ് പാര്‍ലര്‍ ആവശ്യം തള്ളി.
പ്രാദേശിക ഉപഭോക്തൃ കോടതിയിലും പിതാവ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് നിയോഗിച്ച കൗണ്‍സില്‍ നടത്തിയ അന്വേഷണത്തില്‍ പാര്‍ലറിലെ പ്രത്യേക ക്രീമിന് ആവശ്യമായ ലൈസന്‍സില്ലെന്നും ഒരു മുറിവും സുഖപ്പെടുത്താനുള്ള കഴിവില്ലെന്നും കണ്ടെത്തി. ബിസിനസ് ലൈസന്‍സിലുള്ള പേരുമായിരുന്നില്ല പാര്‍ലറിന് ഉണ്ടായിരുന്നത്. കുട്ടിയുടെ വിരല്‍ മുറിച്ചുമാറ്റാന്‍ കാരണം പാര്‍ലറിലെ മസാജാണെന്നും അതിനാല്‍ 160,00 യുവാന്‍ (19 ലക്ഷം) നഷ്ടപരിഹാരം കൊടുക്കണമെന്നും കൗണ്‍സില്‍ വിധിച്ചു. സംഭവത്തിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍ക്കായി ആശുപത്രിയില്‍ തന്നെ ചികില്‍സ തേടണമെന്ന് അധികൃതര്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു.