തിരഞ്ഞെടുക്കപ്പെട്ടാൽ വൈദ്യുതി ബിൽ പകുതിയാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം ആയുധമാക്കി അരവിന്ദ് കേജ്‍രിവാള്‍. സൗജന്യങ്ങൾ അമേരിക്കയിലുമെത്തിയെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ. ട്രംപിന്റെ വിഡിയോ കേജ്‌രിവാൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മിഷിഗനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍വച്ചാണ് വൈദ്യുതി ബില്‍ പകുതിയാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ വിഡിയോ പങ്കുവച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സൗജന്യങ്ങളുടെ പേരില്‍ ആപ്പിനെ കളിയാക്കുന്ന രാഷ്ട്രീയ എതിരാളികളെയാണ് ഉന്നമിട്ടത്. സൗജന്യങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലുമെത്തിയെന്നാണ് കേജ്‌രിവാള്‍ പറയുന്നത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയ പദ്ധതികളാണ് ഒരു കുടുംബത്തിന് ഒരുമാസം 200 യൂണിറ്റ് വൈദ്യുതിയും 20,000 ലീറ്റര്‍ വെള്ളവും ബസുകളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സൗജന്യയാത്രയും. ട്രംപിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച അരവിന്ദ് കേജ്‍രിവാള്‍ പരിഹാസ്യനായെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ വിമര്‍ശിച്ചു. സൗജന്യങ്ങള്‍ നല്‍കുന്ന എഎപിയുടെ നയത്തെ സാമ്പത്തിക വിദഗ്ധര്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ സൗജന്യങ്ങള്‍ വേണമെന്നാണ് കേജ്‍രിവാളിന്‍റെ നിലപാട്.