അമേരിക്കയുടെ ഏറ്റവും ശക്തമായ അത്യാധുനിക മിസൈല്‍ ഡിഫന്‍സ് സിസ്റ്റം താഡ് ( Terminal High Altitude Area Defense – THAAD) ഇസ്രയേലിലേക്ക് അയച്ചു. തങ്ങളുടെ 100 സൈനീകര്‍ക്കൊപ്പമാണ് താഡ് അയച്ചത്. ഇറാന്‍, ഹിസ്ബുല്ല നേതാക്കളുടെ വധത്തിന് പിന്നാലെ ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്നാണ് നീക്കം.
എന്താണ് താഡ്?
ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ നേരിടാൻ രൂപകൽപ്പന ചെയ്ത അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമാണ് താഡ്. അന്തരീക്ഷത്തിനകത്തും പുറത്തുമുള്ള ലക്ഷ്യങ്ങളെ തടയാൻ കഴിവുള്ള ഏക യുഎസ് സംവിധാനമാണിത്. ഉയരുന്ന ഭീഷണികൾക്കനുസരിച്ച് താഡ് തുടർച്ചയായി അപ്ഡേറ്റ് ചെയ്യുന്നു.
എന്തുകൊണ്ട് താഡ്?
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിന് പിന്നാലെ ഇറാനും സഖ്യകഷികളുടേയും ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് ജോ ബൈഡല്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം അയക്കുന്നത്. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ മരണത്തെത്തുടർന്നുള്ള ആക്രമണത്തിന് ഇറാന് തിരിച്ചടിക്കാന്‍ ഇസ്രായേൽ തയ്യാറെടുക്കുമ്പോൾ താഡ് വിന്യാസം രാജ്യത്തിന്‍റെ പ്രതിരോധം ശക്തിപ്പെടുത്തുന്നു.
അതിനിടെ ഇസ്രയേലിന്‍റെ ഏത് അക്രമണത്തിനും ന്യൂക്ലിയര്‍ ബോബടക്കമുള്ള തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. ഈ ഭീഷണികളുടെ പശ്ചാത്തലത്തിലാണ്, ഇസ്രയേൽ ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കുമായി അമേരിക്കയുടെ പിന്തുണ അഭ്യർത്ഥിച്ചത്.
താഡ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഈ സംവിധാനത്തിന് അന്തരീക്ഷത്തിനകത്തും പുറത്തുമുള്ള മിസൈലുകളെ ലക്ഷ്യമിടാൻ കഴിയും (Endoatmospheric, Exoatmospheric). ഷോർട്ട്, മീഡിയം, ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളെ താഡ് പ്രതിരോധിക്കുന്നു. ലക്ഷ്യങ്ങളെ വേഗത്തില്‍ ഇടിച്ചാണ് താഡ് നശിപ്പിക്കുന്നത്. അതായത് ഒരു വാർഹെഡ് പൊട്ടിത്തെറിക്കുന്നതിനുപകരം ശക്തിയോടെ മിസൈലുകളെ ഇടിക്കുകയാണ്
താഡിൻ്റെ ഘടകങ്ങൾ
ഇൻ്റർസെപ്റ്റർ: മിസൈലുകളെ വേഗത്തില്‍ ഇടിച്ച് നശിപ്പിക്കുന്നു.
ലോഞ്ച് വാഹനം: ഇൻ്റർസെപ്റ്ററുകൾ കൊണ്ടുപോകുകയും വിക്ഷേപിക്കുകയും ചെയ്യുന്ന മൊബൈൽ ട്രക്കുകൾ.
റഡാർ: 870 മുതൽ 3,000 കിലോമീറ്റർ പരിധിയിലുള്ള ഭീഷണികൾ കണ്ടെത്തുന്നു.
ഫയർ കൺട്രോൾ സിസ്റ്റം: ഇൻ്റർസെപ്റ്ററുകളുടെ വിക്ഷേപണവും ടാർഗെറ്റിങ്ങും ഏകോപിപ്പിക്കുന്നു.
Also Read; കടം മൂടി പാക്കിസ്ഥാന്‍; ഈ വര്‍ഷം തിരിച്ച് അടക്കേണ്ടത് 3000 കോടി
ഒരു സാധാരണ താഡ് സിസ്റ്റത്തെ താഡ് ബാറ്ററി എന്നാണ് പറയുന്നത്. ഒരു താഡ് ബാറ്ററിയില്‍ ട്രക്കില്‍ ഘടിപ്പിച്ച ആറ് ലോഞ്ചറുകൾ ഉൾപ്പെടുന്നു. ഓരോന്നും എട്ട് ഇൻ്റർസെപ്റ്ററുകൾ വരെ വഹിക്കുന്നു. റഡാറും റേഡിയോ ഉപകരണങ്ങളും ഇവയില്‍ ഉണ്ടാകും. ഓരോ ലോഞ്ചറും റീലോഡ് ചെയ്യുന്നതിന് ഏകദേശം 30 മിനിറ്റ് എടുക്കും, ഒരു പൂർണ്ണ ബാറ്ററി ലോഡ് ചെയ്യാന്‍ 95 യുഎസ് സൈനികർ ആവശ്യമാണ്.
താഡ് വിന്യാസത്തിൽ യുഎസിൻ്റെ പങ്ക്
താഡിന്‍റെ ഏറ്റവും വലിയ പ്രത്യേകത അത് യുഎസ് സൈനീകര്‍ക്ക് മാത്രം പ്രവർത്തിപ്പിക്കാനാകൂ എന്നതാണ്. ഇസ്രയേലിൽ വിന്യസിച്ചാൽ, യുഎസ് സൈനികരുടെ സാന്നിധ്യം ആവശ്യമാണ്. അതിനാലാണ് 300 യുഎസ് സൈനീകരെ ഇസ്രയേലിലേക്ക് അയക്കുന്നത്. പ്രതിരോധ തന്ത്രത്തിൻ്റെ ഭാഗമായി വിവിധ സംഘർഷ മേഖലകളിലായി 7 താഡ് ബാറ്ററികള്‍ നിലവില്‍ വിന്യസിച്ചിട്ടുണ്ട്. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഇസ്രയേലിലേക്ക് താഡ് അയയ്ക്കാനുള്ള തീരുമാനം. ഗാസ ആക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് മേഖലയില്‍ യുഎസ് സൈനിക വിന്യാസം.