Image Credit: Facebook

TOPICS COVERED

പാറക്കെട്ടുകള്‍ക്കിടയിലെ കുഴിയിലേക്ക് വീണ സുഭാഷിനെ രക്ഷിച്ച കൂട്ടുകാരുടെ സൗഹൃദത്തിന്‍റെ കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സ് നാമെല്ലാം വളരെയധികം ഇഷ്​ടപ്പെട്ട സിനിമയാണ്. എന്നാല്‍ ഓസ്​ട്രേലിയയിലെ പാറക്കെട്ടില്‍ കുടുങ്ങിയ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുവതി അതിസാഹസികമായി ഇടുങ്ങിയ പാറക്കെട്ടിലേക്ക് ഇറങ്ങിയതാവട്ടെ മൊബൈല്‍ ഫോണ്‍ എടുക്കാനും. ന്യൂ സൗത്ത് വേല്‍സിലെ ഹണ്ടര്‍ വാലിയില്‍ ഒക്ടോബര്‍ പന്ത്രണ്ടിന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. മാറ്റില്‍ഡ കാംപ്‌ബെല്‍ എന്ന 23കാരിയാണ് പാറയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയത്. 

സുഹൃത്തുകള്‍ക്കൊപ്പം ഹണ്ടര്‍ വാലിയില്‍ എത്തിയതായിരുന്നു മാറ്റില്‍. ഇതിനിടെയാണ് മൊബൈല്‍ പാറക്കെട്ടുകള്‍ക്കിടയിലെ മൂന്ന് മീറ്റര്‍ താഴ്ചയിലേക്ക് വീണത്. ഇതോടെ ഫോമെടുക്കാന്‍ യുവതി ഇടുങ്ങിയ വിടവിലേക്ക് തലകീഴായി ഇറങ്ങി. എന്നാല്‍ താഴേക്ക് ഇറങ്ങിയതോടെ പണി കിട്ടി. യുവതിക്ക് തിരികെ മുകളിലേക്ക് കയറാനാവാതായി. സുഹൃത്തുക്കള്‍ മാറ്റില്‍ഡയെ മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ എമര്‍ജന്‍സി സര്‍വീസ് സംഘം സ്ഥലത്തെത്തി. തൊട്ടുപിന്നാലെ പൊലീസും മെഡിക്കല്‍ സംഘവും കൂടി എത്തി. തലകീഴായാണ് മാറ്റില്‍ഡ വീണത് എന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു. വലിയ പാറക്കല്ലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. 

ഒടുവില്‍ ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാറ്റില്‍ഡയെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ എണ്‍പത് മുതല്‍ 500 കിലോഗ്രാം വരെ ഭാരമുള്ള പാറക്കല്ലുകളാണ് നീക്കം ചെയ്തതെന്ന് എന്‍എസ്ഡബ്ല്യു ആംബുലന്‍സ് സ്‌പെഷ്യലിസ്റ്റ് ടീമിലെ പീറ്റര്‍ വാട്‌സ് പറഞ്ഞു. തന്റെ കരിയറില്‍ ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ജീവന്‍ രക്ഷിച്ചവര്‍ക്ക് മാറ്റില്‍ഡ നന്ദി പറഞ്ഞു. അതേസമയം മാറ്റില്‍ഡയെ പുറത്തെടുത്തെങ്കിലും മൊബൈല്‍ എടുക്കാന്‍ സാധിച്ചില്ല. 

ENGLISH SUMMARY:

Woman got stuck between the rocks when she went down to pick up the phone that had fallen into the pit