TOPICS COVERED

അമേരിക്കയില്‍ ട്രംപോ കമലയോ?  സര്‍വേകള്‍ ഉറപ്പിച്ചൊന്നും പറയുന്നില്ല. ചാഞ്ചാടുന്ന സംസ്ഥാനങ്ങളില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പമാണ്. ഇനി സര്‍വേകളിലൊക്കെ കമല മുന്നിലാണെങ്കില്‍ത്തന്നെ ട്രംപിനു സാധ്യതയില്ല എന്നു പറയാമോ? ഇല്ല.  അതെന്തുകൊണ്ടെന്നു നോക്കാം.

ആദ്യം സര്‍വേകളുടെ കാര്യം

കമലയ്ക്ക് ടെയ്‍ലര്‍ സിഫ്റ്റ് മുതല്‍ കുടിയേറ്റക്കാര്‍ വരെയുള്ളവരുടെ പിന്തുണ പരസ്യമാണ്.  എന്നാല്‍ രഹസ്യപിന്തുണ കൂടുതലുള്ളത് ട്രംപിനാണ്.  ട്രംപിന് വോട്ടു ചെയ്യുന്നവരെല്ലാം വോട്ട് ട്രംപിനെന്ന് സര്‍വേകളില്‍ പറയണമെന്നില്ല.  നമ്മുടെ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സുരേഷ് ഗോപിക്കു വോട്ടു ചെയ്ത പലരും സര്‍വേയില്‍ വോട്ട് സുരേഷ് ഗോപിക്ക് എന്നു പറഞ്ഞില്ല.  ബിജെപിക്കാണ് വോട്ടെന്ന് പരസ്യമായി പറയാന്‍ മടിക്കുന്ന പല സമുദായക്കാരുടെയും വോട്ട് സുരേഷ് ഗോപിക്കു കിട്ടി.  അതുകൊണ്ടാണ് ജയിച്ചത്.

കമല വിജയിച്ചാല്‍ അടുത്ത ഊഴവും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവും.  രണ്ടു തവണയും വിജയിച്ചാല്‍ എട്ടു വര്‍ഷം ഒരു കുടിയേറ്റക്കാരിയുടെ കയ്യിലാവും ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയുടെ കടിഞ്ഞാണ്‍. അമേരിക്കയിലെ തനി വെള്ളക്കാര്‍ക്ക് ഇതത്ര ഇഷ്ടമുള്ള കാര്യമല്ല.  തന്നെയുമല്ല ഇന്നേവരെ ഒരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഒരു വനിതയെ അവര്‍ വിജയിപ്പിച്ചിട്ടില്ല.

ആകെ വോട്ടില്‍ കമല ഹാരിസ് മുമ്പിലെത്തും എന്ന് ഉറപ്പിച്ചാല്‍പോലും ഫലം നിര്‍ണയിക്കുന്നത് ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റ്സ് എന്നു പറയുന്ന സംസ്ഥാനങ്ങളിലെ ഫലങ്ങളാണ്. പെന്‍സില്‍വാനിയ, വിസ്കോണ്‍സിന്‍, മിഷിഗണ്‍, അരിസോണ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, നെവാഡ എന്നീ സംസ്ഥാനങ്ങളിലെ ഇലക്ട്രല്‍ വോട്ടുകളാവും നിര്‍ണായകം. 270 ഇലക്ട്രല്‍ വോട്ടുകളില്‍ 89 ഈ സംസ്ഥാനങ്ങളില്‍നിന്നാണ്.  അഭിപ്രായസ്വാതന്ത്ര്യവും തോക്കിനുളള അവകാശവും ഉറപ്പാക്കുന്ന അമേരിക്കന്‍ ഭരണഘടന ഭേദഗതികളെ പിന്തുണയ്ക്കുന്ന തന്‍റെ പെറ്റീഷനില്‍ ഓരോ ദിവസവും ഒപ്പിടുന്നവരില്‍ ഒരാള്‍ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനിക്കും എന്നാണ് ഇലോണ്‍ മസ്കിന്‍റെ വാഗ്ദാനം. അതായത് ഓരോ ദിവസവും പത്തുലക്ഷം ഡോളര്‍ കൊടുക്കും. പക്ഷേ ഏഴു ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടര്‍മാരെ മാത്രമേ പരിഗണിക്കൂ. അപ്പോള്‍ ഈ സംസ്ഥാനങ്ങളിലെ വോട്ട് എത്ര പ്രധാനമാണ് എന്നതിന് ഇതിലും വലിയ സാക്ഷ്യം വേണോ? റസ്റ്റ് ബല്‍റ്റ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന പെന്‍സില്‍വാനിയയിലും മിഷിഗണിലും വിസ്കോണ്‍സിലിനും 85 ശതമാനത്തില്‍ അധികം വെള്ളക്കാരായ അമേരിക്കക്കാരാണ്.  മുമ്പ് ഇവ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിശ്വസ്ത സംസ്ഥാനങ്ങള്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല.

അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ട്രംപ് പ്രസിഡന്റ് ആവുന്നതാണ് നല്ലത് എന്നു വിചാരിക്കുന്നവര്‍ നല്ലൊരു ശതമാനമുണ്ട്.  അമേരിക്കയില്‍ പണം കഴിഞ്ഞേയുള്ളൂ മറ്റെന്തും.  ഇന്ത്യക്കാരായ കുടിയേറ്റക്കാരില്‍പോലും നല്ലൊരു പങ്ക് നമുക്കു വല്ല പ്രയോജനവും കിട്ടുമോ എന്നു നോക്കി വോട്ടു ചെയ്യുന്നവരാണ്. തനി അമേരിക്കക്കാരുടെ സത്വബോധം ഉണര്‍ത്താന്‍ പല അടവുകളും പയറ്റിക്കൊണ്ടിരിക്കുകയാണ് ട്രംപ്.  മറ്റു രാജ്യങ്ങളില്‍ അമേരിക്കക്കാര്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ അമേരിക്കയില്‍ തിരിച്ചുകൊണ്ടുവരണം എന്നുള്ള പ്രചാരണം ട്രംപ് ശക്തമാക്കിയിട്ടുണ്ട്.  അമേരിക്കയിലെ വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായ ജോണ്‍ ഡിയര്‍ കമ്പനിക്ക് 200 ശതമാനം ഇറക്കുമതി നികുതി ചുമത്തും എന്ന ഭീഷണി മുഴക്കി ട്രംപ്. അവര്‍ അമേരിക്കയില്‍നിന്ന് മെക്സിക്കോയിലേക്ക് കമ്പനി കൊണ്ടുപോകാനുള്ള നീക്കത്തിന് തടയിടാനായിരുന്നു ഭീഷണി.  ഇന്ത്യയിലും ചൈനയിലുമായി 5000 പേര്‍ക്കു ജോലി കൊടുക്കുന്നുണ്ട് ഈ കമ്പനി. ഇവിടെ നിര്‍മ്മിക്കുന്ന ട്രാക്ടറുകള്‍ അമേരിക്ക ഉള്‍പ്പെടെ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. റസ്റ്റ് ബല്‍റ്റ് എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിലെ വോട്ട് നേടാനാണ് മറ്റു രാജ്യങ്ങളിലെ അമേരിക്കന്‍ കമ്പനികളെ തിരിച്ചുകൊണ്ടുവരും എന്ന് ട്രംപ് പറയുന്നത്.  ഈ സംസ്ഥാനങ്ങളിലെ അമേരിക്കന്‍ കമ്പനികള്‍ പലതും മെക്സിക്കോയിലേക്കും ചൈനയിലേക്കും ഇന്ത്യയിലേക്കും അതിന്‍റെ പ്രവര്‍ത്തനം മാറ്റിയിരുന്നു.  കുറഞ്ഞ ശമ്പളത്തില്‍ കഴിവുള്ള ജോലിക്കാരെ കിട്ടുമെന്നതാണ് അവരുടെ  നേട്ടം.

എഴുപതു ലക്ഷത്തോളും അമേരിക്കക്കാര്‍ ട്രംപ് എന്തു പറഞ്ഞാലും എന്തു ചെയ്താലും ഒന്നും നോക്കാതെ ട്രംപിന് വോട്ടു ചെയ്യുമെന്നാണ് പറയുന്നത്.  അത്രയും പേര്‍ എതിര്‍സ്ഥാനാര്‍ഥി ആരെന്നു നോക്കാതെ ട്രംപിന് എതിരെ വോട്ടു  ചെയ്യുന്നവരുമുണ്ട്.

2016ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന് ഹിലരി ക്ലിന്‍റണിനുമേല്‍ 30 ശതമാനം വിജയസാധ്യതയാണ് പ്രവചിച്ചിരുന്നത്.  ട്രംപ്  ചെറിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടി.  2020ല്‍ 25 ശതമാനം സാധ്യതയാണ് ബൈഡന് എതിരെ ട്രംപിന് ഉണ്ടായിരുന്നത്.  ട്രംപ് തോറ്റതും വലിയ വ്യത്യാസത്തിലല്ല. 2016ലെ തിരഞ്ഞെടുപ്പിനുമുമ്പ് ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വീമ്പടിച്ചപ്പോള്‍ ട്രംപിന്‍റെ കഥ കഴിഞ്ഞുവെന്ന് പലരും കരുതി.  ഒന്നും സംഭവിച്ചില്ല.  2020ല്‍ പ്രസിഡന്റായിരിക്കുമ്പോള്‍ കൊറോണ വൈറസിനെ അണുനാശിനി കുത്തിവച്ച് തടയാം എന്നു പ്രഖ്യാപിച്ചപ്പോഴും ലോകം ട്രംപിനെ പരിഹസിച്ചു.  മറ്റു വല്ലവരുമായിരുന്നെങ്കില്‍ ഇത്തരം പരാമര്‍ശങ്ങളില്‍നിന്നു കരകയറാന്‍ വിഷമിച്ചേനെ.  പക്ഷേ ട്രംപ് അതും അതിജീവിച്ചു.  2020ല്‍ ബൈഡന്‍ വിജയിച്ചപ്പോള്‍ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന അതിക്രമത്തെ ന്യായീകരിച്ച ട്രംപിന്‍റെ കഥ തീര്‍ന്നു എന്നു കരുതിയെങ്കിലും 2024ല്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ്.  ഈ തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് ട്രംപ് പറഞ്ഞ തോന്ന്യാസങ്ങള്‍ക്ക് കണക്കില്ല.  പക്ഷേ മറ്റൊരു സ്ഥാനാര്‍ഥി ഇരുന്നുപോകുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ട്രംപിന് വിരുന്നു പോലെയാണ്.

കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഇല്ലിനോയി തുടങ്ങി വലിയ നഗരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോട്ടയായതിനാല്‍ പോപ്പുലര്‍ വോട്ടില്‍ മിക്കവാറും അവരാണ് മുന്നില്‍വരിക.  1988 മുതല്‍ എടുത്താല്‍ പ്രസിഡന്റായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ 2004ല്‍ ജോര്‍ജ് ബുഷ് മാത്രമാണ് പോപ്പുലര്‍ വോട്ടിലും മുന്നിലെത്തിയത്.  പോപ്പുലര്‍ വോട്ടില്‍ പിന്നിലായിട്ടും രണ്ടാംവട്ടം ജോര്‍ജ് ബുഷിനും പിന്നീട് ട്രംപിനും പ്രസിഡന്റാകാന്‍ കഴിഞ്ഞു എന്നോര്‍ക്കണം.

തിരഞ്ഞെടുപ്പില്‍ പരസ്യമായി പക്ഷം പിടിക്കുന്നതാണ്  അമേരിക്കയിലെ മാധ്യമസ്ഥാപനങ്ങളുടെ രീതി. പലപ്പോഴും ‍ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കാവും മുഖ്യധാര മാധ്യമങ്ങളുടെ പിന്തുണ.  ഇത്തവണയും ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു.  തിരഞ്ഞെടുപ്പു പ്രചാരണത്തിന് സഹായകരമാവുമെങ്കിലും വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നത് ഈ മാധ്യമങ്ങളുടെ പിന്തുണയാണ് എന്നു പറയാന്‍ കഴിയില്ല.  ഉദാഹരണത്തിന്  2016ല്‍ ഹിലരി ക്ലിന്‍റണിന് അമ്പതിലേറെ മാധ്യമസ്ഥാപനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു.  ട്രംപിനെ പിന്തുണച്ചത് രണ്ടു മാധ്യമങ്ങള്‍ മാത്രം.  തിരഞ്ഞെടുപ്പില്‍ ജയിച്ചത് ട്രംപായിരുന്നു. 2008ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ബറാക് ഒബാമ പണം സമാഹരിക്കാനും പ്രചാരണം നടത്താനും മുഖ്യധാര മാധ്യമങ്ങളെയല്ല ആശ്രയിച്ചത്.  സമൂഹമാധ്യമങ്ങളെയായിരുന്നു.  തിരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമ കമ്പനികള്‍ നടത്തിയ ചില കള്ളക്കളികള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ ഏറ്റവും പ്രധാന പ്രചാരണ ഉപകരണമാണ്. ശരിക്കും മുന്‍തിര‍ഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്മ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ഇത്തവണ സമൂഹമാധ്യമങ്ങളില്‍ ഇല്ല എന്നു പറയണം.  കഴിഞ്ഞ തവണത്തേതുപോലെ മെറ്റ (വാട്സാപ്പ്, ഫേസ്ബുക്ക്)  പക്ഷം പിടിച്ചിട്ടില്ല. ഇലോണ്‍ മസ്ക് ആണെങ്കില്‍ ട്രംപിന്‍റെ മുന്‍നിര പടയാളിയാണ്.   ശതകോടീശ്വരനായ മസ്കിന് എക്സില്‍ 20 കോടി ഫോളോവേഴ്സ് ഉണ്ട്.  മുഖ്യധാര മാധ്യമങ്ങളുടെ റീച്ചിനേക്കാള്‍ വളരെ കൂടുതല്‍ എന്നു പറയണം.  മുഖ്യധാര മാധ്യമങ്ങള്‍ പലപ്പോഴും എലീറ്റ് എന്നു പറയാവുന്ന വിദ്യാഭ്യാസമുള്ള മേല്‍ത്തട്ടുകാരിലേക്കാണ് എത്തുന്നതെങ്കില്‍ എക്സ് പോലത്തെ സമാന്തര മാധ്യമങ്ങള്‍ ഇടത്തരക്കാരുടെ ഇടയില്‍ കൂടുതല്‍ സ്വാധീനമുള്ളവയാണ്.

ഇനി ഡിബേറ്റിലെ പ്രകടനത്തിന്‍റെ കാര്യം.  കമലയാണ് ഡിബേറ്റില്‍ കസറിയത്.  പക്ഷേ ഇത്  എത്രത്തോളം തുണയ്ക്കും എന്നത് കണ്ടറിയണം.  കാരണം ഇക്കാര്യത്തിലുള്ള അഭിപ്രായപ്രകടനം നമ്മുടെ സോഷ്യല്‍ മീഡിയയിലേതുപോലെയാണ്.  ട്രംപ് അനുകൂലികള്‍ ട്രംപ് വിജയിച്ചെന്നും കമല അനുകൂലികള്‍ കമല വിജയിച്ചെന്നുമാണ് പറയുക.  മാധ്യമങ്ങളും അവരുടെ പക്ഷത്തുനിന്നാണ് വിലയിരുത്തുക.

ട്രംപിനാണ് ജയസാധ്യത കൂടുതല്‍ എന്നല്ല ഇതുവരെ പറഞ്ഞതിന് അര്‍ത്ഥം.  പുറത്തുകാണുന്ന പ്രതികൂല പ്രചാരണങ്ങള്‍വച്ചു മാത്രം ട്രംപിനെ വിലയിരുത്താനാവില്ല എന്നേയുള്ളൂ. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വോട്ട്ബാങ്ക് ന്യൂനപക്ഷങ്ങളും ആഫ്രിക്കന്‍ അമേരിക്കക്കാരും ലാറ്റിന്‍  വംശജരുമാണ്.  സ്ത്രീ വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നു.  ഗര്‍ഭഛിദ്രത്തിനുള്ള അവകാശം ഇല്ലാതാക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരു പണികൊടുക്കണമെന്ന് ഭൂരിഭാഗം സ്ത്രീകള്‍ക്കും തോന്നിയാല്‍ കമല അനായാസം ജയിക്കും.  പിന്നെ ട്രംപിന് കുരിശു ട്രംപ് തന്നെയാണല്ലോ.  അതുകൊണ്ടു കമലയ്ക്കു നല്ല പ്രതീക്ഷ വയ്ക്കാം.  എന്നാല്‍ കമലയേക്കാള്‍ ലക്ഷകണക്കിനു വോട്ടിനു പിന്നില്‍ പോയാലും ബാറ്റില്‍ ഗ്രൗണ്ട് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് പ്രസി‍ഡന്‍റാവാനുള്ള സാധ്യത ട്രംപ് നിലനിര്‍ത്തുന്നു.

ENGLISH SUMMARY:

US president election 2024 Donald trump Kamala harris winning chances