അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ കഷ്ടിച്ച് രണ്ടാഴ്ചയേ ബാക്കിയുള്ളൂ, പാചകത്തിലാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധ. ‘മിഡില്‍ ക്ലാസ്’ കാന്‍ഡിഡേറ്റ് എന്ന കമല ഹാരിസിന്റെ അവകാശവാദം വോട്ടര്‍മാര്‍ക്കിടെയില്‍ ഒരു സോഫ്റ്റ്കോര്‍ണര്‍ സൃഷ്ടിക്കുന്നുണ്ടോ എന്ന ഭയത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണല്‍ഡ് ട്രംപ്.  കോളജ് പഠനകാലത്ത് ഫാസ്റ്റ്ഫുഡ് ചെയിനില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ കമല ഹാരിസിനെ വെല്ലുവിളിക്കലാണ് ട്രംപിന്റെ ഉദ്ദേശ്യം. 

അതിനായി ഇന്നലെ ട്രംപ് പെന്‍സില്‍വാനിയയിലെ  മക്ഡൊണാള്‍ഡ്സിലെത്തി, ഡ്രൈവ് ത്രൂവില്‍ ജോലി ചെയ്തു.  ജീവനക്കാരുമായി സംസാരിച്ച ശേഷം ഫ്രൈസ് പാചകം ചെയ്ത് കസ്റ്റമേഴ്സിനു വിതരണം ചെയ്തു. കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങളിലും പ്രചാരണയോഗങ്ങളിലുമെല്ലാം ഉന്നയിക്കുന്ന പ്രധാന വാദമാണ് താനൊരു ഇടത്തരം കുടുംബാംഗമാണെന്നുള്ളത്. ഈ വാദത്തിനൊരു മറുവാദമായാണ് ട്രംപിന്റെ മക്ഡൊണാള്‍ഡ്സ്് ഫ്രൈസ് തയ്യാറായത്. 

അതേസമയം മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്തിട്ടുണ്ടെന്ന കമല ഹാരിസിന്റെ വാദം നുണയാണെന്നും ട്രംപ് പറയുന്നു. ഏപ്രണ്‍ കെട്ടി തനി പാചകക്കാരന്റെ വേഷത്തിലാണ് ട്രംപിനെ കാണാനാവുക. ഡ്രൈവ് ത്രൂ കൗണ്ടറിനു മുന്‍പില്‍ നിന്ന് സംസാരിക്കുന്ന വിഡിയോ എക്സില്‍ പങ്കുവെച്ചു. ജീവനക്കാരുടെ സഹായത്തോടെയാണ് ട്രംപ് ഫ്രൈസ് തയ്യാറാക്കുന്നത്. ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ട്രംപിന്റെ പാചകം. 

ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ട്രംപ് പറയുന്നു.  കഴിഞ്ഞ മാസം നടന്ന പ്രചാരണത്തിനിടെയില്‍  ഈ പാചകപരീക്ഷണത്തെക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. താന്‍ ഫ്രൈസ് പാചകം ചെയ്യുന്നുണ്ടെന്നും അതെങ്ങനെ ഉണ്ടെന്നു നോക്കാമെന്നും അന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാര്‍ത്ഥികള്‍ പെന്‍സില്‍വാനിയ കേന്ദ്രീകരിച്ചുള്ള പ്രചാരണം വര്‍ധിപ്പിക്കുകയാണ്.  ഇടംവലം നോക്കാതെ പ്രചാരണത്തിനായി ഇരുസ്ഥാനാര്‍ത്ഥികളും മില്യണ്‍ ഡോളറുകള്‍ പെന്‍സില്‍വാനിയയില്‍ ചിലവാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നവംബര്‍ അഞ്ചിനാണ് യുഎസില്‍ തിരഞ്ഞെടുപ്പ്. 

Donald Trump makes fries at Mc Donald’s :

Donald Trump makes fries at Mc Donald’s to challenge with Kamala Harris. He says that he worked 15 minutes more than Kamala Harris.