പുരാതന നഗരം അതുപോലെതന്നെ അമൂല്യമായി സൂക്ഷിച്ചിട്ടുണ്ട് സൗദി അറേബ്യയില്‍. അറുന്നൂറു വര്‍ഷം മുമ്പുള്ള ദിരിയ നഗരത്തിന്‍റെ കാഴ്ചകള്‍ അതേപ്പടി കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ഒരുക്കുകയാണ് സൗദി അറേബ്യ.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് ഈ അപൂര്‍വ കാഴ്ചകള്‍. 600 വര്‍ഷങ്ങള്‍ക്കു മുമ്പ് എങ്ങനെയായിരുന്നു വീട്. എങ്ങനെയായിരുന്നു കിണര്‍. ജീവിത രീതി. സാധനങ്ങള്‍ പരസ്പരം കൈമാറുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തിലെ ഉല്‍പന്നങ്ങള്‍. ശത്രുക്കളെ പ്രതിരോധിക്കാനുള്ള ആയുധങ്ങള്‍. രാജാക്കാന്‍മാര്‍ ധരിച്ചിരുന്ന വസ്ത്രം ... ഇങ്ങനെ സൗദി അറേബ്യയുടെ ചരിത്രം പറയുന്ന മ്യൂസിയം കൂടിയാണ് ദിരിയ. സന്ധ്യാസമയത്താണ് സന്ദര്‍ശകര്‍ കൂടുതല്‍ എത്തുന്നത്. കാരണം, പ്രത്യേക വെളിച്ച സംവിധാനങ്ങളില്‍ അഴകോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ പുരാതന നഗരം.
ചരിത്ര കാഴ്ചകള്‍ വലിയ കാമറയില്‍ പകര്‍ത്താന്‍ വിലക്കുണ്ട്. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് അനുമതി. സൗദി അറേബ്യയിലെ മാധ്യമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മാധ്യമസംഘത്തെ അനുഗമിച്ച് ചരിത്ര പശ്ചാത്തലം വിവരിച്ചു.