ഐപിഎല്‍ മെഗാലേലത്തിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അദ്ഭുതങ്ങള്‍ക്കായി ജിദ്ദ തയ്യാറെടുത്തു കഴിഞ്ഞു. 1574 താരങ്ങളില്‍ നിന്നും 574 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു. 208വിദേശ കളിക്കാരും 12 അണ്‍കാപ്ഡ് വിദേശതാരങ്ങളും 318 അണ്‍കാപ്ഡ് ഇന്ത്യന്‍ താരങ്ങളുമാണ് പട്ടികയിലുള്ളത്. പട്ടികയിലെ ഇളമുറക്കാരെ വിശദമായി അറിയാം.
വൈഭവ് സൂര്യവംശി: ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ഭുത ബാലനാണ് വൈഭവ് സൂര്യവംശിയെന്ന 13കാരന്‍. 12-ാം വയസില്‍ അരങ്ങേറ്റം. 13 വയസും 188 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ അണ്ടര്‍ 19 ടീമിനായി കന്നി രാജ്യാന്തര സെഞ്ചറി! അതും 58 പന്തില്‍ നിന്ന്. ഞെട്ടിക്കാനാണ് ബിഹാറുകാരനായ വൈഭവിന്‍റെ വരവ്. 30 ലക്ഷമാണ് അടിസ്ഥാന വില. വൈഭവിന്‍റെ വൈഭവത്തെ റാഞ്ചുക ആരെന്നും വില എത്ര വീഴുമെന്നും കാത്തിരുന്ന് കാണാം.
ആയുഷ് മഹാത്രെ: രഞ്ജിയില്‍ മികവ് തെളിയിച്ചാണ് ഓപ്പണിങ് ബാറ്ററായ ആയുഷ് ലേലത്തിനെത്തുന്നത്. അഞ്ച് കളികളില്‍ നിന്നായി 408 റണ്‍സാണ് ആയുഷിന്‍റെ സമ്പാദ്യം. രണ്ട് സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയുമടക്കമാണ് ഈ നേട്ടം. 176 റണ്‍സാണ് താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍.
ഹാര്‍ദിക് രാജ്: പതിനാറാം വയസില്‍ ശിവമോഗ ലയണ്‍സിന് വേണ്ടി ട്വന്‍റി 20യില്‍ പുറത്തെടുത്ത പ്രകടനമാണ് ഇടങ്കയ്യന്‍ സ്പിന്നറായ ഹാര്‍ദിനെ ശ്രദ്ധേയനാക്കുന്നത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി ഒരു അര്‍ധ സെഞ്ചറിയടക്കം 155 റണ്‍സും 7 വിക്കറ്റും ഹാര്‍ദിക് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ നടന്ന അണ്ടര്‍ 19 ടീമില്‍ മൂന്ന് ഏകദിനങ്ങളില്‍ ഹാര്‍ദിക് ഇന്ത്യയ്ക്കായി കളിച്ചു. 30 റണ്‍സും അഞ്ച് വിക്കറ്റുമാണ് നേട്ടം. കര്‍ണാടകയ്ക്കായി മൂന്ന് രഞ്ജി മല്‍സരങ്ങളും കളിച്ചു.
ആന്ദ്രെ സിദ്ധാര്‍ഥ്: ചെപ്പോക് സൂപ്പര്‍ ഗില്ലീസ് താരമായാണ് തമിഴ്‌നാട് സൂപ്പര്‍ ലീഗില്‍ ആന്ദ്രെ സിദ്ധാര്‍ഥ് വരവറിയിച്ചത്. തമിഴ്‌നാട് മുന്‍താരവും സെലക്ടറുമായ എസ് ശരത്തിന്‍റെ അനന്തരവന്‍ കൂടിയാണ് സിദ്ധാര്‍ഥ്. തമിഴ്‌നാടിനായി രഞ്ജിയില്‍ മികച്ച പ്രകടനമാണ് മധ്യനിര ബാറ്ററായ സിദ്ധാര്‍ഥ് പുറത്തെടുത്തിട്ടുള്ളത്. അണ്ടര്‍ 19 ഏഷ്യകപ്പിനുള്ള ടീമില്‍ ഇതിനകം ഇടം നേടിയിട്ടുണ്ട്.
ക്വേന മപാക: ലേലത്തിനുള്ള വിദേശ കളിക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ദക്ഷിണാഫ്രിക്കന്‍താരമായ ക്വേന മപാക. അണ്ടര്‍ 19 ലോകകപ്പില്‍ 21 വിക്കറ്റുകള്‍ പിഴുത താരം കൂടിയാണ് ക്വേന. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി രണ്ട് കളികളിലാണ് മപാക ഇറങ്ങിയത്. ആറ് ഓവര്‍ മാത്രം കളിച്ച മപാക 89 റണ്‍സാണ് നേടിയത്. വിന്‍ഡീസിനെതിരെയാണ് ട്വന്‍റി 20യില്‍ കന്നി സെഞ്ചറി.
മെഗാ ലേലം എപ്പോള്‍? എവിടെ വിശദാംശങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ അഞ്ചാമത്തെ മെഗാലേലമാണ് നവംബര്‍ 24നും 25നും സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുക. പ്രാദേശിക സമയം 12.30 ന് (ഇന്ത്യന്‍ സമയം വൈകുന്നേരം 3 മണി) ആണ് ലേലം ആരംഭിക്കുക. 10 ഫ്രാഞ്ചൈസികള്‍ക്കായി 70 വിദേശതാരങ്ങള്‍ക്കായുള്ളതുള്‍പ്പടെ 204 സ്ലോട്ടുകളാണ് ഉള്ളത്.
ആദ്യദിനം 12 മാര്‍ക്വീ താരങ്ങള്‍ ലേലത്തിനെത്തും. രണ്ട് വിഭാഗമായാണ് മാര്‍ക്വീ താരങ്ങളെ തിരിച്ചിരിക്കുന്നത്. ഒന്നാം പട്ടികയില്‍ ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അര്‍ഷ്ദീപ് സിങ്, ജോസ് ബട്ട്‌ലര്‍, റബാഡ, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരും രണ്ടാം പട്ടികയില്‍ യുസ്വേന്ദ്ര ചഹല്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍ എന്നിവരുമാണ് ഉള്ളത്. ഇതില്‍ മില്ലറൊഴികെ എല്ലാ മാര്‍ക്വീ താരങ്ങളുടെയും അടിസ്ഥാന വില രണ്ട് കോടിയാണ്. ഇതുള്‍പ്പടെ ആകെ 81 കളിക്കാരാണ് ടോപ് ബേസ് കാറ്റഗറിയിലുള്ളത്.
ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, വെങ്കിടേഷ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് രണ്ട് കോടി ബേസ് കാറ്റഗറിയില്‍ വരുന്ന ഇന്ത്യന്‍ താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ക്ലിന്‍റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക്, ബെയര്‍സ്‌റ്റോ, ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടോപ് ബേസിലെ വിദേശതാരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഇക്കുറി ലേലത്തിനില്ല. 2025 ല്‍ ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍ സമ്മര്‍ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ ഇക്കുറി ഐപിഎല്ലിനില്ലാത്തത്. 2022 ലും 24 ലും ഫിറ്റ്നസ് തെളിയിക്കാനാവാത്തതിനാല്‍ ആര്‍ച്ചറിന് കളിക്കാനായിരുന്നില്ല. ഒഴിവാക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് മാര്‍ക് വുഡിനെയും സ്റ്റോക്സിനെയും ജോ റൂട്ടിനെയും ഒഴിവാക്കിയത്.