പാകിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വിഡിയോക്ക് സോഷ്യല്‍മീഡിയയുടെ രൂക്ഷ വിമര്‍ശനം. ഫണ്ണി മൊമെന്റ്സ് എന്ന ടൈറ്റിലോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അങ്ങേയറ്റം അപകടസാധ്യതയുള്ള പ്രവൃത്തിയാണ് വിദ്യാര്‍ഥികള്‍ കാണിക്കുന്നതെന്നാണ് കണ്ണുരുട്ടിക്കൊണ്ട് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.
ലാഹോറിലെ സൂപീരിയര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി അലി ഹസനാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പിന്നാലെ വിഡിയോ വൈറലായി. ചുമ്മാ സംസാരിച്ചു നില്‍ക്കുന്ന സഹപാഠികളെ രണ്ടുപേര്‍ ചേര്‍ന്ന് എടുത്തുപൊക്കി തലകീഴെ മറിക്കുന്നതാണ് വിഡിയോ. ഒന്നുകൈ വിട്ടാല്‍ തലയിടിച്ച് തറയില്‍ വീഴുന്ന സാഹചര്യമാണ്, വളരെ കൂളായി ചിരിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
അലി ഹസനും സാക്കി ഷായും ചേര്‍ന്നു ഷെയര്‍ ചെയ്ത വിഡിയോ ഇതിനോടകം 50മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയ വളരെ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. യാതൊരു തരത്തിലുള്ള സുരക്ഷയുമില്ലാതെ അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയെന്നാണ് പ്രതികരണം. ഇത് തമാശയല്ല, അപകടം എന്നാണ് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്. ഇതാരെങ്കിലും തന്നോട് ചെയ്താല്‍ അവനെ ഞാന്‍ കൊല്ലുമെന്നാണ് ഒരു കമന്റ്. നട്ടെല്ലിനും കഴുത്തിനും തലയ്ക്കും മാരക പരുക്കേല്‍ക്കാന്‍ സാധ്യതയുള്ള സ്റ്റണ്ട് എന്നാണ് മറ്റൊരാളുടെ പ്രതികരണം.