ഇന്ത്യന്‍ റെയില്‍വേയുടെ അതിദയനീയാവസ്ഥ സമൂഹമാധ്യമത്തില്‍ പതിവുള്ള കാഴ്ചയാണ്. സ്ലീപ്പര്‍ കോച്ചിലും, ഏ.സിയിലും പോലും തിങ്ങുനിറഞ്ഞു നില്‍ക്കുന്ന ആളുകളും വൃത്തികേടായി കിടക്കുന്ന സീറ്റും ശുചിമുറിയും തുടങ്ങിയവ ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ച് പുത്തരിയല്ല. പരാതികള്‍ വ്യാപകമാകുമ്പോഴും കാര്യമായ പുരോഗതിയുണ്ടായി എന്നുപറയാനാവില്ല.
ഇപ്പോഴിതാ ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ച് ഒരു വിദേശവനിത പങ്കുവച്ചിരിക്കുന്ന വിഡിയോ വൈറലാണ്. വൃത്തി തരി പോലുമില്ലാത്ത ശുചിമുറിയുടെ ദൃശ്യങ്ങളടക്കം ഇറിന മോറിനൊ എന്ന വിദേശ വനിത സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. കണ്ടന്‍റ് ക്രിയേറ്റര്‍ കൂടിയായ ഇവരുടെ വിഡിയോ ചുരുങ്ങിയ സമയംകൊണ്ടുതന്നെ വൈറലായി.
‘പാശ്ചാത്യരുടെ കക്കൂസിന്‍റെ ഇന്ത്യയിലെ അവസ്ഥ’ എന്ന കുറിപ്പിനൊപ്പം ട്രെയിന്‍ നമ്പര്‍ അടക്കം യുവതി പങ്കുവച്ചിട്ടുണ്ട്. ട്രെയിന്‍ നമ്പര്‍ 12991, സെക്കന്‍റ് ക്ലാസിലാണ് ഈ അവസ്ഥ. ഇന്‍സ്റ്റഗ്രാമില്‍ അഞ്ചു മില്യണിലധികം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടത്. ഉദയ്പുര്‍ സിറ്റി– ജയ്പുര്‍ ഇന്‍റ്ര്‍സിറ്റി എക്സ്പ്രസില്‍ നിന്നുള്ളതാണ് വിഡിയോ.
ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്തിരിക്കുന്നത്. ‘സെക്കന്‍റ് ക്ലാസില്‍ യാത്ര ചെയ്തിട്ട് ഇങ്ങനെ പറയുന്നത് മോശമാണ്. നിങ്ങള്‍ ഫസ്റ്റ് ക്ലാസില്‍ കയറിയിട്ട് പറയൂ. സെക്കന്‍റ് ക്ലാസ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് വളരെ കുറവാണ് അതുകൊണ്ട് സൗകര്യങ്ങളും കുറയും. ഫസ്റ്റ് ക്ലാസില്‍ അതല്ല അവസ്ഥ’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. പിന്നാലെ ഫസ്റ്റ് ക്ലാസിലെ ശുചിമുറിയുടെ വിഡിയോയും മോറിനൊ പങ്കുവച്ചു. അവിടെയും സ്ഥിതി വിഭിന്നമല്ല.
‘എങ്കില്‍ നിങ്ങള്‍ വന്ദേഭാരതിലോ, മെട്രോ ട്രെയിനിലോ യാത്ര ചെയ്യണമായിരുന്നു’ എന്ന കമന്‍റുകളുമുണ്ട്. ‘ചെലവ് ചുരുക്കി യാത്ര ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വന്നതുകൊണ്ടാണല്ലോ ഈ ദുരവസ്ഥ, അടുത്ത തവണ കയ്യില്‍ പണവുമായി വരൂ. പണം ചെലവാക്കി യാത്ര ചെയ്യൂ’ എന്നാണ് മോറിനൊയെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.