യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ഥി കമല ഹാരിസ് തന്‍റെ ഇന്ത്യൻ പശ്ചാത്തലത്തിനു പ്രാധാന്യം കൊടുത്തില്ലെന്നു തിരഞ്ഞെടുപ്പ് വിദഗ്ധനായ ചാൾസ് ഫ്രാങ്ക്‌ളിൻ. കറുത്ത വർഗക്കാരി, ഇന്ത്യൻ അമേരിക്കൻ എന്നീ സ്വത്വങ്ങൾ പ്രചാരണത്തിൽ ഉയർത്തിക്കൊണ്ടു വരാതിരിക്കാൻ കമല ശ്രമിച്ചുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന വിസ്കോൺസിൻ സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ മിൽവാക്കിയിലെ മാർക്വെറ്റ് സർവകലാശാല നടത്തിയ അവസാനഘട്ട അഭിപ്രായ സർവേയുടെ ഫലം പുറത്തു വിട്ടതിനു പിന്നാലെയാണ് ചാൾസ് ഫ്രാങ്ക്‌ളിൻ മനോരമ ന്യൂസിനോട് സംസാരിച്ചത്.
സർവകലാശാല നിയമ വിഭാഗം നടത്തിയ സർവേ പ്രകാരം സംസ്ഥാനത്തെ 50 ശതമാനം പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസിനെയും 49 ശതമാനം പേര് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രൂമ്പിനെയുമാണ് പിന്തുണക്കുന്നത്. സെപ്റ്റംബർ അവസാനം നടന്ന അഭിപ്രായ സർവേയിൽ കമലയെ പിന്തുണച്ചത് 52 ശതമാനം പേരായിരുന്നു.
കറുത്ത വർഗക്കാരി, ഇന്ത്യൻ അമേരിക്കൻ എന്നീ സ്വത്വങ്ങളെക്കുറിച്ച് രാഷ്ട്രീയ ജീവിതത്തിലുടനീളം പറഞ്ഞിരുന്ന കമല പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മുഖ്യശ്രദ്ധ അതിലാകാതിരിക്കാൻ ശ്രദ്ധ കൊടുത്തുവെന്നും മാർക്വേറ്റ് ലോ സ്കൂൾ സർവ്വേ വിഭാഗത്തിന്റെ ഡയറക്ടറായ പ്രൊഫെസ്സർ ഫ്രാങ്ക്‌ളിൻ പറഞ്ഞു.
സ്ഥാനാർത്ഥികളുടെ പശ്ചാത്തലത്തേക്കാൾ അവരുടെ ലോകവീക്ഷണമാണ് സർക്കാർ രൂപീകരണത്തിൽ പ്രധാന്യമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗത്തിലുള്ള സ്ത്രീകൾ കൂടുതലും കമലയെ പിന്തുണക്കുമ്പോൾ പുരുഷന്മാർ പൊതുവായി ട്രംപ് അനുകൂലികളാണെന്നു ഫ്രാങ്ക്‌ളിൻ പറഞ്ഞു. അതേസമയം കടുത്ത മത്സരം നടക്കുന്ന സ്വിങ്ങ് സ്റ്റേറ്റുകളിൽ ഒന്നായ വിസ്കോൺസിനിൽ കമലയുടെ ജനപ്രീതിയിൽ ഇടിവുണ്ടായെന്ന അഭിപ്രായ സർവേയുടെ കണ്ടെത്തൽ ഡെമോക്രാറ്റിക് അനുകൂലികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.