air-india-us

ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുഎസിലേക്കും തിരിച്ചുമുള്ള 60 സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. നവംബര്‍–ഡിസംബര്‍ മാസങ്ങളിലേതാണ് റദ്ദാക്കിയ സര്‍വീസുകള്‍. വിമാനങ്ങളിലേറെയും അറ്റകുറ്റപ്പണിക്കായി കയറ്റിയിരിക്കുന്നതിനെ തുടര്‍ന്നാണ് ദൗര്‍ലഭ്യമെന്ന് വിമാനക്കമ്പനി അറിയിച്ചു. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രക്കാര്‍ ഏറെയുള്ള സമയത്ത് തന്നെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത് ആളുകളെ വലയ്ക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

അതേസമയം, വളരെ കുറച്ച് സര്‍വീസുകള്‍ മാത്രമേ റദ്ദാക്കിയിട്ടുള്ളൂവെന്നും ചില വിമാനങ്ങള്‍ക്ക് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിയതിനാലാണ് ഇതെന്നുമാണ് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. അതേസമയം, ഏതൊക്കെ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും എയര്‍ഇന്ത്യ ഗ്രൂപ്പിന്‍റെ മറ്റ് സര്‍വീസുകള്‍ ഇതേ റൂട്ടില്‍ ഉണ്ടെന്നും അത് പ്രയോജനപ്പെടുത്താമെന്നും കമ്പനി വ്യക്തമാക്കി. 

വാഷിങ്ടണ്‍, ഷിക്കാഗോ, നെവാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയതെന്നാണ് എയര്‍ഇന്ത്യ വക്താവ് പിടിഐയോട് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്കുള്ള 14, ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള 28, ഡല്‍ഹിയില്‍ നിന്ന് സന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള 12 ഉം ഡല്‍ഹി– ന്യൂയോര്‍ക്ക് പാതയിലെ നാലും മുംബൈയില്‍ നിന്ന് നെവാര്‍ക്കിലേക്കുള്ള രണ്ടും ഫ്ലൈറ്റുകള്‍ റദ്ദാകുമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് പകരം വിമാനവും, തീയതി മാറ്റാനുള്ള സൗകര്യവും അല്ലെങ്കില്‍ തുക മടക്കി നല്‍കാമെന്നുമാണ് എയര്‍ ഇന്ത്യയുടെ വാഗ്ദാനം. യാത്രക്കാര്‍ക്ക് നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും എയര്‍ഇന്ത്യ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്ക് നിലവില്‍ അഞ്ച് സര്‍വീസുകളും , ന്യൂയോര്‍ക്കിലേക്ക് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഏഴ് വിമാനങ്ങളുമാണ് ആഴ്ചയില്‍ സര്‍വീസ് നടത്തുന്നത്. ഷിക്കാഗോയിലേക്കും ആഴ്ചയില്‍ എല്ലാദിവസവും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം സന്‍ഫ്രാന്‍സിസ്കോയിലേക്ക് ഡല്‍ഹിക്കും മുംബൈയ്ക്കും പുറമെ ബെംഗളൂരുവില്‍ നിന്നും സര്‍വീസുണ്ട്. 

ENGLISH SUMMARY:

Air India will cancel around 60 flights on India-US routes from November to December due to a lack of available aircraft. Affected services include routes to San Francisco and Chicago during the peak travel season.