ജയിക്കാനായി ജനിച്ചവന്‍. നടപ്പിലും എടുപ്പിലും ഈ തലയെടുപ്പ് കാട്ടാന്‍ ട്രംപ് എന്നും ശ്രദ്ധിച്ചു. 2020ല്‍ രണ്ടാമൂഴം നഷ്ടമായപ്പോള്‍ അണികളെ ഇളക്കിവിട്ട് വാഷിങ്ടണ്‍ ഡി.സി വിട്ട ട്രംപിന് ഒരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടാമൂഴത്തിനായി ട്രംപ് എത്തി. നാവിലും നയത്തിലും മൂര്‍ച്ഛയേറ്റി
കണ്ണുനട്ടതിനെ വെട്ടിപ്പിടിക്കാന്‍ ട്രംപിനോളം കേമന്‍ ഈ കാലത്തിലില്ല. പിന്നിട്ട വഴികളിലെല്ലാം ഒരു ബ്ലോക്ബസ്റ്റര്‍ ത്രില്ലറിന്റെ ട്വിസ്റ്റുകള്‍ കാണാം. ഇക്കണോമിക്സ് ബിരുദം നേടി പിതാവിന്റെ ബിസിനസിനൊപ്പം ചേര്‍ന്ന ട്രംപിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. റിയല്‍ എസ്റ്റേറ്റില്‍ തുടങ്ങി കൈ വയ്ക്കാത്ത കച്ചവടങ്ങളില്ല. 87ല്‍ രാഷ്ട്രീയമോഹവുമായി റിപ്പബ്ലിക്കന്‍ അംഗത്വം. പിന്നീട് ചുവടുമാറ്റി റിഫോംസ് പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലുമെത്തിയെങ്കിലും തന്റെ വഴി തെളിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെയാണ് നല്ലെതന്ന് കണ്ട് 2009 ല്‍ മടക്കം. ഇതിനിടയില്‍ ബിസിനസിലും വ്യക്തി ജീവിതത്തിലെയും പലവഴി കയറ്റിറക്കങ്ങള്‍ . മൂന്ന് വിവാഹങ്ങള്‍ , രണ്ട് വിവാഹമോചനങ്ങള്‍, തൊണ്ണൂറുകളില്‍ പാപ്പരായി. ടാബ്ലോയ്ഡുകളുടെ ഇഷ്ടവിഭവമായിരുന്നു ട്രംപ് വിശേഷങ്ങള്‍. 2004 എന്‍.ബി.സി ചാനലിലെ റിയാലിറ്റി ഷോയിലൂടെ ടെലിവിഷനിലും താരം. തേരുകള്‍ മാറിക്കയറി വിജയപഥങ്ങള്‍ പിന്നിട്ട ട്രംപ് 2016ല്‍ ഹിലറിയെ തറപറ്റിച്ച് അമേരിക്കയുടെ അധിപനായി. വാവിട്ട വാക്കും വിരാമമില്ലാത്ത വിവാദങ്ങളുമായിരുന്നു ആയുധം. അമേരിക്കയുടെ പ്രതാപം വീണ്ടെടുക്കാനുള്ള രക്ഷകനെന്ന് പറഞ്ഞ ട്രംപിനെ ജനം ഭരണമേല്പിച്ചു. ഭരണത്തിലും വിവാദമായിരുന്നു മുഖ്യം. പരിസ്ഥിതി വാദം കാപട്യമെന്ന് പറഞ്ഞ് പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറി. ഉത്തര കൊറിയയിലെത്തി കിങ് ജോങ് ഉന്നുമായി സൗഹൃദം പങ്കിട്ടു.അമേരിക്കയ്ക്ക് പുറത്ത് പോരാട്ടം ചെലവെന്ന് കണ്ട് യുദ്ധങ്ങള്‍ക്കിറങ്ങിയില്ല. എന്നാല്‍ കോവിഡിനെ കൂസാതിരുന്നത് ദുരന്തമായി. ചൈന വൈറസ് എന്ന വിളിച്ച് നിസാരവല്‍ക്കരിച്ചപ്പോള്‍ ലക്ഷക്കണക്കിന് അമേരിക്കന്‍ജീവനുകള്‍ പൊലിഞ്ഞു. ട്രംപിന്റെ നിസാരവല്‍ക്കരണവും പൊതുജനാരോഗ്യമേഖലയിലെ പോരായ്മകളും ജനത്തെ പൊളിച്ചെഴുത്തിന് പ്രേരിപ്പിച്ചു. കോവിഡ് നടുവില‍്‍ നടന്ന 2020ലെ തിരഞ്ഞെടുപ്പില്‍ ജനം ട്രംപിനെ കൈവിട്ടു. തോല്‍വി സമ്മതിക്കാതെ പോരാട്ടത്തിനിറങ്ങിയതും പിഴച്ചു. പക്ഷെ ഇംപീച്ച് ചെയ്ത് ട്രംപിന്റെ വാതിലുകള്‍ അടയ്ക്കാമെന്ന എതിരാളികളുടെ പ്രതീക്ഷകള്‍ പാളിയതോടെ ട്രംപ് വീണ്ടും സാധ്യതകളുടെ വഴി കണ്ടു. നേര്‍ക്കുനേര്‍ വന്ന വെടിയുണ്ടയ്ക്കും ട്രംപിനെ വീഴ്ത്താനായില്ല. ലോകാധിപത്യത്തിന്റെ സിംഹാസനം പിടിച്ച് ട്രംപ് വീണ്ടും ചരിത്രമെഴുതുന്നു