കുടിയേറ്റ വിരുദ്ധ നയങ്ങളുമായി ട്രംപ് രണ്ടാം ഊഴത്തിലെത്തുമ്പോള്‍ കുടിയേറി വന്ന ട്രംപിന്‍റെ കുടുംബത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുകയാണ്. അമേരിക്കയില്‍ ജനിച്ച ട്രംപിന്‍റെ വേരുകള്‍ അമേരിക്കന്‍ മണ്ണിലേതല്ല എന്നതാണ് ഇതിലെ കൗതുകം. ജര്‍മനിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് ട്രംപിന്‍റെ മുത്തച്ഛന്‍. അതായത് ഡോണള്‍ഡ് ട്രംപിന്‍റെ തായ്‍വേരുകള്‍ ജര്‍മ്മന്‍ മണ്ണിലേതെന്ന് സാരം.
ഫ്രെഡ് ട്രംപിന്‍റെയും സ്കോട്ടിഷ് വംശജയായ മേരി ട്രംപിന്‍റെയും മൂന്നാമത്തെ മകനാണ് ഡോണ്‍ഡ് ട്രംപ്. 1930ലാണ് ഡോണള്‍ഡിന്‍റെ അമ്മ മേരി യു.എസിലെത്തുന്നത്. മൂന്ന് തവണ വിവാഹിതനായ ട്രംപിന്‍റെ രണ്ട് ഭാര്യമാരും യു.എസ് വംശജരല്ല. ആദ്യ ഭാര്യ ഇവാന ട്രംപ് ചെക് വംശജയും നിലവിലെ ഭാര്യ മെലനിയ ട്രംപ് സ്ലോവേനിയന്‍ വംശജയുമാണ്.
യുഎസ് ഭരണഘടനയിലെ 14–ാം ഭേദഗതിയനുസരിച്ച്, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍ ജന്‍മാവകാശ പൗരത്വ വ്യവസ്ഥയ്ക്ക് ഉപാധികൾ ഏർപ്പെടുത്തിയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവില്‍ ആശങ്കയേറെയാണ്. നിയമവിരുദ്ധമായി യുഎസിലുള്ള മാതാവിനും യുഎസ് പൗരത്വമോ റസിഡൻസ് പെർമിറ്റോ ഇല്ലാത്ത പിതാവിനും ജനിക്കുന്ന കുഞ്ഞുങ്ങൾക്കും പഠനം, തൊഴിൽ, ടൂറിസം തുടങ്ങി താൽക്കാലിക ആവശ്യങ്ങൾക്കായി നിയമപരമായി യുഎസിലുള്ള മാതാവിനും യുഎസ് പൗരത്വമോ റസിഡൻസ് പെർമിറ്റോ ഇല്ലാത്ത പിതാവിനും ജനിക്കുന്ന കുഞ്ഞുങ്ങൾക്കും പൗരത്വം ലഭിക്കില്ലെന്നാണ് ട്രംപ് പറയുന്നത്.
ഭേദഗതി പ്രകാരം ഫെബ്രുവരി 20 മുതൽ അമേരിക്കയില്‍ സ്ഥിരതാമസക്കാരല്ലാത്തവർക്ക് ജനിച്ച കുഞ്ഞുങ്ങൾക്ക് സ്വയമേവ പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ല. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമായി കുടിയേറിയവരെ മാത്രമല്ല, താൽക്കാലിക വീസയിൽ യുഎസിൽ ഉള്ളവരെയും ഗ്രീൻ കാർഡിനു കാത്തിരിക്കുന്നവരെയും ബാധിക്കും. താൽക്കാലിക തൊഴിൽ വീസകൾ (എച്ച്–1ബി, എൽ1), ആശ്രിത വീസ (എച്ച് 4), പഠന വീസ (എഫ്1), ഇന്റേൺഷിപ്, അധ്യാപന, പരിശീലന സന്ദർശക വീസ (ജെ1), ഹ്രസ്വകാല ബിസിനസ് അല്ലെങ്കിൽ ടൂറിസ്റ്റ് വീസ (ബി1, ബി2) തുടങ്ങിയവ ഉപയോഗിച്ച് യുഎസിൽ കഴിയുന്നവർക്കും ഉത്തരവ് തിരിച്ചടിയാവാം. ഇത്തരത്തിൽ പൗരത്വവ്യവസ്‌ഥ മാറ്റാൻ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഉത്തരവിനെതിരെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂ ണിയനും മറ്റും നിയമനടപടി തുടങ്ങിയിട്ടുണ്ട്.