സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും അമേരിക്കന്‍ വൈസ് പ്രസിഡന്റുമായ കമല ഹാരിസ്. പരാജയത്തില്‍ ദുഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു. അതിനിടെ, തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്ചു.

ഹോവാഡ് സ്കൂളില്‍ തിരഞ്ഞെടുപ്പ് രാത്രിയിലെ വാച്ച് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നശേഷമാണ് കമല ഹാരിസ്  വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. ഡോണള്‍ഡ് ട്രംപിനോട് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറെന്നും കമലാ ഹാരിസ് പറഞ്ഞു.

അതിനിടെ, ഫോണില്‍ സംസാരിച്ച മോദിയും ട്രംപും  ലോകസമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ലോകം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദി മഹാനായ വ്യക്തിയെന്നും പറഞ്ഞു. വിജയത്തിനുശേഷം താൻ ആദ്യമായി സംസാരിച്ച ലോകനേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുമായി ഫോണില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ചര്‍ച്ച ചെയ്തു. സമാധാനപരമായ സഹവര്‍ത്തിത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈന വ്യക്തമാക്കി. അതിനിടെ, ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ യുഎസ് സെന്‍റ്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി മേധാവിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ ജനിച്ചുവളര്‍ന്ന കശ്യപിന്‍റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. 

ENGLISH SUMMARY:

Though Kamala Harris lost the election, she remains resolute in her fight for freedom and equality.