ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട് ജീവിതത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കണോ? കൂടെ ഒരു കോഫിയും എങ്കില്‍ നേരെ പോരെ 'കോഫിന്‍ കഫേ'യിലേക്ക്.
ശവപ്പെട്ടികളാണ് ഈ കഫേയുടെ പ്രത്യേകത. 'കോഫിന്‍ കഫേ' എന്നാണ് ഈ കഫേ അറിയപ്പെടുന്നത്. ജപ്പാനിലെ ചിബ പ്രവിശ്യയിലെ ഫുട്ട്സുവിലാണ് ഈ കഫെ. 120 വര്‍ഷം പഴക്കമുള്ള കജിയാ ഹോന്‍ഡെന്‍ ഫ്യൂണെറല്‍ ഹോമാണ് ശവപ്പെട്ടി കഫെ എന്ന ആശയത്തിന് പിന്നില്‍.
24ാമത്തെ വയസിലായിരുന്നു കിയോടാക്ക ഹിരാനോക്ക തന്റെ പിതാവിനെ നഷ്ടമായത്. പിതാവിന്റെ ഓര്‍മയ്ക്കായി എന്തെങ്കിലും ആരംഭിക്കണമെന്ന ആശയത്തിന്റെ പുറത്താണ് ഇങ്ങനൊരു കഫേക്ക് തുടക്കം കുറിച്ചതെന്ന് കിയോടാക്ക ഹിരാനോ പറഞ്ഞു. സെപ്റ്റംബറില്‍ ആരംഭിച്ച ഈ ശവപ്പെട്ടി കഫെയിലേക്ക് ആളുകള്‍ ഒഴുകുകയാണ്. സ്വര്‍ണ്ണം, പച്ച, മഞ്ഞ എന്നീ നിറങ്ങളിലുള്ള പ്രത്യേകമായ രൂപകല്‍പ്പന ചെയ്ത മൂന്ന് ശവപ്പെട്ടികളാണ് കഫേലുള്ളത്.