ബംഗ്ലദേശില്‍ ഇസ്കോണിനെതിരായ നടപടി തുടര്‍ന്ന് സര്‍ക്കാര്‍. മതിയായ രേഖകളുമായി ഇന്ത്യയിലേക്ക് വരാന്‍ ശ്രമിച്ച 68 സന്യാസിമാരെ തടഞ്ഞു. ബംഗ്ലാദേശിലെ സ്ഥിതി ഭയാനകമാണെന്നും പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും ഇസ്കോണ്‍ ഇന്ത്യ പ്രതിനിധി വ്രജേന്ദ്ര നന്ദന്‍ ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു. അറസ്റ്റിലായ ചിന്‍മയ് കൃഷ്ണദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വിസയും മറ്റ് രേഖകളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്കോണ്‍ സന്യാസിമാരെയാണ് ബംഗാള്‍ അതിര്‍ത്തിയായ ബെനാപോളില്‍ ബംഗ്ലദേശ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത്. യാത്ര സംശയാസ്പദമാണെന്നും രാജ്യം വിടാന്‍ ബംഗ്ലദേശ് സര്‍ക്കാരിന്‍റെ അനുമതിയില്ല എന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 24 മണിക്കൂറിലേരെ സന്യാസിമാര്‍ അതിര്‍ത്തിയില്‍ തുടര്‍ന്നെങ്കിലും പിന്നീട് തിരിച്ചയച്ചു. ജീവിക്കാനും രക്ഷപ്പെടാനും കഴിയാത്ത അവസ്ഥയിലാണ് ബംഗ്ലദേശിലെ ഇസ്കോണ്‍ സന്യാസിമാരെന്ന് ഇസ് കോണ്‍ ഇന്ത്യ കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ വ്രജേന്ദ്ര നന്ദന്‍ ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തില്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. സര്‍ക്കാര്‍ വിചാരിച്ചാല്‍ പ്രശ്നം വേഗത്തില്‍ പരിഹരിക്കാനാവുമെന്നും വ്രജേന്ദ്ര നന്ദന്‍ ദാസ് പറഞ്ഞു. നിലവില്‍ നാല് ഇസ്കോണ്‍ സന്യാസിമാരെയാണ് ബംഗ്ലദേശ് അറസ്റ്റ് ചെയ്തത്. ചിന്‍മയ് കൃഷ്ണദാസ് അടക്കം 17 പേരുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്