ബംഗ്ലദേശില്‍ ഇസ്കോണ്‍ നിരോധിക്കാന്‍ നീക്കം. നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. ഇസ്കോണ്‍ മതമൗലികവാദ സംഘടനയാണെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാടെടുത്തു.
ഹിന്ദു നേതാവും ഇസ്കോണ്‍ പുരോഹിതനുമായ ചിന്‍മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നിരോധന നീക്കം. ഇസ്കോണ്‍ മതമൗലികവാദ സംഘടനയാണെന്നും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണെന്നും സര്‍ക്കാരിന് വേണ്ടി ആറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ചിന്‍മോയ് കൃഷ്ണദാസുമായി ജയിലിലേക്ക് പോവുകയായിരുന്ന വാഹനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ടായിരത്തോളം പേര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ധാക്കയിലും ചിറ്റഗോങ്ങിലും വന്‍ പ്രതിഷേധവും അരങ്ങേറി. ഇതിന് പിന്നാലെയാണ് നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ചിന്‍മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിനെ കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. ബംഗ്ലദേശിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രിയങ്ക ഗാന്ധിയും എ.എ.പി നേതാവ് കേജ്‌രിവാളും ആവശ്യപ്പെട്ടു. ബംഗാളില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്കോണെന്നും നിരോധന നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ബംഗ്ലദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് ജനറല്‍ സെക്രട്ടറി മൃത്യുഞ്ജയ് കുമാര്‍ റോയ് പ്രതികരിച്ചു.