യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ സന്ധി സംഭാഷണത്തിനും വിട്ടുവീഴ്ചയ്ക്കും തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മോസ്കോയില്‍ വര്‍ഷാവസാന സംവാദത്തിലാണ് പുടിന്‍ നിലപാട് മയപ്പെടുത്തിയത്. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ട്രംപുമായി സംസാരിക്കാന്‍ തയാറെന്നും പുടിന്‍ പറഞ്ഞു.
ജനുവരി 20ന് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതാണ് റഷ്യന്‍ പ്രസിഡന്റിന്‍റെ പ്രസ്താവന. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് സമാധാനത്തിന്‍റെ ഭാഷയില്‍ പുടിന്‍ സംസാരിക്കുന്നത് ആദ്യമായിട്ടാണെന്നതും ശ്രദ്ധേയം. റഷ്യയ്ക്ക് വേണ്ടത് വെടിനിര്‍ത്തല്‍ കരാറല്ല, ശാശ്വത സമാധാനമാണെന്ന് പുടിന്‍ പറഞ്ഞു. ഈസ്താംബുൾ ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ യുക്രെയ്നുമായി ചർച്ച നടത്താൻ റഷ്യ തയ്യാറാണ്. യുക്രെയ്നുമായി ചർച്ചകൾ ആരംഭിക്കുന്നതിന് മുൻവ്യവസ്ഥകളൊന്നുമില്ലെന്നും പുടിന്‍ വ്യക്തമാക്കി.
യുക്രെയ്നിലെ പ്രതിസന്ധിയിൽ ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സമാധാന നിർദ്ദേശങ്ങളെ പുടിൻ പ്രശംസിച്ചു. അതേസമയം, കഴിഞ്ഞ നാലുവര്‍ഷമായി ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും പുടിന്‍ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് മടങ്ങിയെത്തിയതിന്‍റെ സന്തോഷവും പുടിന്‍ പ്രകടമാക്കി. വാര്‍ഷിക ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പുടിന്‍ സമാധാനപ്രതീക്ഷകള്‍ പങ്കുവയ്ക്കുന്ന പുതിയ നിലപാടുകള്‍ വ്യക്തമാക്കിയത്.