ലോകത്ത് ആദ്യമായി സാറ്റലൈറ്റ് വഴി ശസ്ത്രക്രിയ നടത്തി ചൈന. ഉപഗ്രഹ അധിഷ്ഠിത അൾട്രാ റിമോട്ട് ശസ്ത്രക്രിയയാണ് നടത്തിയതായി സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമമായ CCTV റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിക്ക് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആപ്‌സ്റ്റാർ -6 ഡി ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻസ് സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ ചൈനീസ് പ്രവശ്യകളായ ടിബറ്റിലെ ലാസ, യുനാനിലെ ഡാലി, ഹൈനാനിലെ സന്യ എന്നിവിടങ്ങളിൽ നിന്ന് വിദൂരമായി അഞ്ച് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായി റിപ്പോർട്ടിൽ പറയുന്നത്.
ബെയ്ജിങിലുള്ള രോഗികളിലാണ് ശസ്ത്രക്രിയ നടത്തിയത്. കരൾ, പിത്തസഞ്ചി, പാൻക്രിയാസ് എന്നിവയിൽ രാജ്യം വികസിപ്പിച്ച റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിന്‍റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. അതിസൂഷ്മമായ ശസ്ത്രക്രിയക്കായി ഇരു ഭാഗത്തേയ്ക്കും 150,000 കി.മി ദൂരമാണ് അതിവേഗം ഡേറ്റ സഞ്ചരിച്ചത്. CCTV റിപ്പോര്‍ട്ട് പ്രകാരം എല്ലാ രോഗികളും സുഖം പ്രാപിക്കുച്ച് ആശുപത്രികളില്‍ നിന്ന് ഡിസ്ചാർജ് നേടിയെന്നും ചൈന വ്യക്തമാക്കി.
2020ൽ വിക്ഷേപിച്ച ആപ്‌സ്റ്റാർ-6ഡി ഉപഗ്രഹമാണ് ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചത്. സെക്കൻഡിൽ 50 ഗിഗാബൈറ്റ് വേഗതയില്‍ ഡേറ്റാവിനിമയം നടത്താനും ഏഷ്യ-പസഫിക് മേഖലയിലുടനീളം വിപുലമായ കവറേജ് നൽകാനും ആപ്‌സ്റ്റാർ-6ഡി ക്ക് സാധിക്കും. ആപ്‌സ്റ്റാർ -6 ഡിക്ക് ഭൂമിയുടെ ഉപരിതലത്തില്‍ മൂന്നിലൊന്ന് ഭാഗം ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്ന് നിരീക്ഷിക്കാൻ കഴിയും. ഇത് റിമോട്ട് സർജറികൾ പോലുള്ള തത്സമയ ആപ്ലിക്കേഷനുകൾക്ക് ഉപയോഗിക്കാനാകും.
ശസ്ത്രക്രിയ രംഗത്ത് വലിയ കുതിച്ച് ചാട്ടമാണ് ചൈന നടത്തിയിരിക്കുന്നത്. ഭാവിയില്‍ 24 മണിക്കൂറും ലോകത്ത് ഏത് ഭാഗത്തും ട്രോമ കേയര്‍ സംവിധാനം ഇതിലൂടെ സാധ്യമാകും.