TOPICS COVERED

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷിക തുക വര്‍ധിപ്പിച്ച് അമേരിക്ക.  മഡുറോ മൂന്നാമതും അധികാരമേറ്റതിനു പിന്നാലെയാണ് അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾക്കുള്ള പ്രതിഫല തുക 25 മില്യൻ ഡോളറായി (എതാണ്ട് 215 കോടി രൂപ) ഉയർത്തിയത്. കൂടാതെ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്കും  പ്രിതഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

വെനസ്വേലയുടെ പ്രധാനപ്പെട്ട 15 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ബ്രിട്ടനും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ജഡ്ജിമാർ, സൈനിക ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് ബ്രിട്ടന്‍റെ ഉപരോധം. ജനാധിപത്യത്തിന് തുരങ്കം വച്ചതിന്‍റെ പേരിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമാണ് ഉപരോധമെന്നാണ് ബ്രിട്ടൻ വിശദീകരിക്കുന്നത് . വെള്ളിയാഴ്ച യൂറോപ്യൻ യൂണിയനും വെനസ്വേലയ്ക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു. നിയമവാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെയാണ് ഈ നിയന്ത്രണങ്ങളെന്നാണ് യൂറോപ്യൻ യൂണിയൻ പറഞ്ഞത്. കാനഡയും വെനസ്വേലയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  കൊക്കൈന്‍  കള്ളക്കടത്ത് പ്രോല്‍സാഹിപ്പിക്കുന്നതാണ് അമേരിക്കയുടെ  ഉപരോധത്തിന് അടിസ്ഥാനം. കഴിഞ്ഞ വർഷമാണ്  യുഎസ് വെനസ്വേലയ്ക്കെതിരായ  ഉപരോധം പുനസ്ഥാപിച്ചത്.

പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം നിരന്തരം തള്ളുകയാണ് മദൂറോ. പ്രതിപക്ഷമാണ് ഉപരോധങ്ങൾക്ക് പിന്നിലെന്നാണ് മദൂറോയുടെ വാദം. 2020ൽ അമേരിക്ക മദൂറോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ ലഹരി തീവ്രവാദമെന്ന ആരോപണം ഉന്നയിച്ചിരുന്നു.  കഴിഞ്ഞ ജൂലൈ 28നാണ് വെനസ്വേലയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതിനെ പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല.

ENGLISH SUMMARY:

The U.S. has increased the reward for information leading to the arrest of Venezuelan President Nicolás Maduro. Following his third term in office, the reward for information leading to his arrest has been raised to $25 million (approximately ₹215 crore). Additionally, a reward has also been announced for information leading to the arrest of Interior Minister Diosdado Cabello.