വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡൂറോയുടെ യാത്ര വിമാനം പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം നേരിടുന്ന വെനസ്വേല നിയമവിരുദ്ധമായാണ് വിമാനം വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ നടപടി. 13 മില്യൺ ഡോളറിന്റെ ഫാൽക്കൻ 900 ഇഎക്സ് വിമാനമാണ് കരിബിയൻ രാജ്യമായ ഡൊമനിക്കൻ റിപ്പബ്ലിക്കിൽ നിന്നും പിടിച്ചെടുത്തത്. ഇത് ഫ്ലോറിഡയിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് സംഭവം.
വിമാനം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എങ്ങനെ, എപ്പോൾ എത്തിയെന്നതിൽ വ്യക്തതയില്ല. തിങ്കളാഴ്ച ഡെമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാൻ്റോ ഡൊമിംഗോയ്ക്ക് സമീപമുള്ള ലാ ഇസബെല വിമാനത്താവളത്തിൽ നിന്നുള്ള വിമാനത്തിന്റെ യാത്രരേഖ ട്രാക്കിങ് രേഖപ്രകാരം, ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ വിമാനത്താവളത്തിലേക്കാണ് യാത്ര നടത്തിയത്. യുഎസ് നടപടിയെ അപലപിച്ച വെനസ്വേല, നിയമനടപടിയെടുക്കുമെന്ന് വ്യക്തമാക്കി.
യുഎസ് കയറ്റുമതി നിയന്ത്രണ ഉപരോധ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മഡൂറോയുമായി ബന്ധപ്പെട്ടവർ കരീബിയയിലെ ഷെൽ കമ്പനി ഉപയോഗിച്ച് ഫ്ലോറിഡയിലെ കമ്പനിയിൽ നിന്ന് വിമാനം വാങ്ങിയതാണെന്നാണ് അമേരിക്കയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. 2023 ഏപ്രിലിൽ കരീബിയ വഴിയാണ് വിമാനം അമേരിക്കയിൽ നിന്ന് വെനസ്വേലയിലേക്ക് കൊണ്ടുപോയത്. വിമാനത്തിന്റെ വിൽപ്പനയും കയറ്റുമതിയും യു.എസ് ഉപരോധത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡൊമനിക്കൻ റിപ്പബ്ലിക്ക് അധികൃതരുടെ പിന്തുണയോടെയായിരുന്നു നടപടിയെന്നും അമേരിക്ക വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റിന്റെ വിമാനമായ എയർ ഫോഴ്സ് വണ്ണിന് സമാനമായ വെനസ്വേലൻ വിമാനമാണ് ഫാൽക്കൻ 900ഇഎക്സ്. പ്രസിഡന്റും ഉന്നത ഉദ്യോഗസ്ഥരുടെയും അന്താരാഷ്ട്ര, ആഭ്യന്തര യാത്രകൾക്കാണ് ഈ വിമാനം ഉപയോഗിക്കുന്നത്. 1984 ൽ ദസ്സാൾട്ട് പുറത്തിറക്കിയ വിമാനമാണിത്. ഫ്രഞ്ച് എയർ, സ്പേസ് ഫോഴ്സ്, ജപ്പാൻ കോസ്റ്റ് ഗാർഡ് എന്നിവർ ഇതേ വിമാനം ഉപയോഗിക്കുന്നുണ്ട്.